‘പ്രതീക്ഷ’ കൃത്രിമ ബീജാധാന സേവനവും ‘ആശ്രയ’ മൊബൈല്‍ വെറ്ററിനറി ക്ലിനിക്കും മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

‘പ്രതീക്ഷ’ കൃത്രിമ ബീജാധാന സേവനവും ‘ആശ്രയ’ മൊബൈല്‍ വെറ്ററിനറി ക്ലിനിക്കും മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

മില്‍മ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ നടപ്പിലാക്കുന്ന ഊര്‍ജ്ജിത മൃഗസംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിച്ചു. കുറഞ്ഞ ചെലവില്‍ കര്‍ഷകരുടെ വീട്ടുപടിക്കല്‍ ചികില്‍സ ലഭ്യമാക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് ആയ ‘ആശ്രയ’, യഥാസമയം കര്‍ഷകരുടെ വീട്ടുപടിക്കല്‍ കൃത്രിമ ബീജാധാന സേവനം ഉറപ്പാക്കുന്ന ‘പ്രതീക്ഷ’ എന്നീ രണ്ട് പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി തിരുവനന്തപുരം ഉച്ചക്കട ടി.ജെ.എം പാരിഷ് ഹാളില്‍ നിര്‍വഹിച്ചത്.

‘പ്രതീക്ഷ’ കൃത്രിമ ബീജാധാന സേവനം

കൃത്രിമ ബീജാധാന സൗകര്യങ്ങളുടെ പരിമിതി മൂലം മികച്ചയിനം പശുക്കളുടെ ഉത്പാദനക്ഷമത പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോകുന്നതും യഥാസമയം കൃത്രിമ ബീജാധാനം ചെയ്യുവാന്‍ കഴിയാത്തതുമാണ് കേരളത്തിലെ ഉരുക്കളിലെ വന്ധ്യതയുടെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന്. ഇതിനൊരു പരിഹാരമെന്ന നിലയില്‍ മില്‍മ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ കെ.എല്‍.ഡി ബോര്‍ഡുമായി ചേര്‍ന്ന് ക്ഷീരസംഘങ്ങള്‍ കേന്ദ്രീകരിച്ച് കൃത്രിമ ബീജാധാന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് ‘പ്രതീക്ഷ’ യെന്ന കൃത്രിമ ബീജാധാന സേവനം. നാല് ജില്ലകളിലായി ആകെ പത്ത് കൃത്രിമ ബീജാധാന കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്. പദ്ധതിയുടെ ആദ്യപടിയായി കെ.എല്‍.ഡി ബോര്‍ഡിന്റെ നേതൃത്വത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പത്തൊന്‍പത് എ.ഐ ടെക്‌നീഷ്യന്‍മാര്‍ തെരഞ്ഞെടുത്ത ക്ഷീര സംഘങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുക. ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് പൂര്‍ണ്ണമായും സൗജന്യസേവനം ലഭിക്കുന്നതുമാണ്.

”ആശ്രയ’ മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക്

മൃഗചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയുള്ളതും കന്നുകാലി സമ്പത്ത് കൂടുതലായതുമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നാമമാത്ര നിരക്കില്‍ വീട്ടുപടിക്കല്‍ മൃഗ ചികിത്സാ സേവനം ലഭ്യമാക്കുന്നതിനായി രൂപീകരിച്ച് പദ്ധതിയാണ് ആശ്രയ. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയ്ക്ക് ഒരു മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് എന്ന നിരക്കില്‍ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ നാല് യൂണിറ്റുകള്‍ ആരംഭിക്കുന്നതാണ്. നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിന്റെ സേവനം ലഭ്യമാക്കുക. ആവശ്യമായ മരുന്നുകള്‍ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കും. 100 രൂപ മാത്രമാണ് കര്‍ഷകരില്‍ നിന്നും ചികിത്സാ ഫീസ് ഇനത്തില്‍ ഈടാക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *