കോഴിക്കോട്: പോക്‌സോ നിയമത്തിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ്(ഇംഹാന്‍സ്), കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, സ്‌കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഇംഹാന്‍സില്‍ വച്ചാണ് സെമിനാര്‍ നടന്നത്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതില്‍ പോക്‌സോ നിയമത്തിന്റെ സാധ്യതകളും സംവിധാനങ്ങളും പ്രായോഗിക തലത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ചര്‍ച്ച ചെയ്തുകൊണ്ട് പൊതുസമൂഹത്തില്‍ പ്രസ്തുത നിയമത്തെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുക തുടങ്ങിയവയായിരുന്നു സെമിനാര്‍ ലക്ഷ്യം വച്ചത്.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച സെമിനാറില്‍ നിയമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും കുട്ടികളുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍ ഉദ്ഘാടന ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബി. ബബിത (സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം), ഡോ. നൂറുല്‍ അമീന്‍ (ഗൈനക്കോളജിസ്റ്റ്), ഡോ. സിന്ധു (ശിശുരോഗവിദഗ്ധ), ഡോ. അനിഷ് പി.കെ (സൈക്ക്യാട്രിസ്റ്റ്, മെഡിക്കല്‍ സൂപ്രണ്ട്), ഡോ.സുജ മാത്യു (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്), ഡോ. വര്‍ഷ വിദ്യാധരന്‍ (സൈക്ക്യാട്രിസ്റ്റ്), പാര്‍വതി ഭായ് (ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗം), ഷൈനി (ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍), മുഹമ്മദ് അഫ്‌സല്‍ (ചൈല്‍ഡ് ലൈന്‍ കോ-ഓഡിനേറ്റര്‍), ബിജു കെ.കെ (എസ്.എച്ച്.ഒ, ചേവായൂര്‍), അഡ്വ. ആര്‍.എന്‍ രഞ്ജിത് (സ്‌പെഷ്യല്‍ പബ്ലിക് പോസിക്യൂട്ടര്‍) തുടങ്ങിയ പ്രഗത്ഭര്‍ ഉള്‍പ്പെടുന്ന വിവിധ പാനല്‍ ചര്‍ച്ചകള്‍ നടന്നു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജ് ഷൈജല്‍ എം.പി മുഖ്യാതിഥിയായ സമാപന ചടങ്ങില്‍ ഡോ.ജോബിന്‍ ടോം സ്വാഗതവും ഡോ. നീനി പി.എം നന്ദിയും പറഞ്ഞു.