തലശ്ശേരി: ധര്‍മ്മടം പോലിസ് പരിധിയിലെ കൊടുവള്ളിയില്‍ നടന്ന ഇരട്ട കൊലപാതക കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള രണ്ടാം പ്രതി മട്ടുങ്ങല്‍ വീട്ടില്‍ ജാക്‌സന്‍ വിന്‍സന്റ് (28) നല്‍കിയ ജാമ്യ ഹരജി ജില്ലാ സെഷന്‍സ് കോടതി വീണ്ടും തള്ളി. നേരത്തെ നല്‍കിയ ജാമ്യ ഹരജി ജില്ലാ കോടതി തള്ളിയിരുന്നു.
ലഹരി മാഫിയകളെ ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം കൊടുവള്ളി ചിറമ്മലിലെ ത്രിവര്‍ണ്ണയില്‍ ഖാലിദ്, സഹോദരി ഭര്‍ത്താവും സി.പി.എം പ്രവര്‍ത്തകനുമായ പൂവ്വനാഴി ഷമീര്‍ എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജാക്‌സന്‍. ചിറക്കക്കാവ് ക്ഷേത്രത്തിനടുത്തുള്ള പാറായി സുരേഷ് ബാബു (47), കൊളശ്ശേരി പാറക്കെട്ടില്‍ സഹറാസില്‍ മുഹമ്മദ് ഫര്‍ഹാന്‍(29), നമ്പ്യാര്‍ പീടികക്കടുത്തുള്ള വണ്ണത്താന്‍ വീട്ടില്‍ കെ.നവീന്‍ (32), പിണറായി പടന്നക്കരയിലെ വാഴയില്‍ സജിത്ത് കുമാര്‍ (45) എന്നിവരാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മറ്റ് പ്രതികള്‍. സംഭവത്തില്‍ സാറാസില്‍ ഷാനി ബിനും (29) കുത്തേറ്റ് പരുക്കേറ്റിരുന്നു. കഴിഞ്ഞ നവംബര്‍ 23ന് വൈകീട്ട് വീനസ് കോര്‍ണറില്‍ സഹകരണാശുപത്രിയുടെ കാന്റീനിനടുത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജാമ്യ ഹരജി തള്ളണമെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ.കെ.അജിത്ത് കുമാര്‍ കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നു. ഈ കേസിലെ ആറും ഏഴും പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിട്ടുണ്ട്.