തലശ്ശേരി: കോണ്‍ഗ്രസിന്റെ അഭിമാന സഹകരണ സ്ഥാപനമായ ചൊക്ലി പീപ്പിള്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ഇന്നലെ നടന്ന അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ഔദ്യോഗിക പാനലിനെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് വിമത വിഭാഗമായ നിലവിലുള്ള ഭരണസമിതിയുടെ പാനല്‍ സമ്പൂര്‍ണ വിജയം കൈവരിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനേറ്റ കനത്ത പ്രഹരമാണിത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിമത വിഭാഗം നേതാക്കളായ വി.കെ ഭാസ്‌കരന്‍ മാസ്റ്ററേയും, അഡ്വ.പി.കെ രവീന്ദ്രനേയും ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സംഘടനയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. നിലവിലെ സൊസൈറ്റി പ്രസിഡന്റ് കെ.പി ദയാനന്ദന്‍ മാസ്റ്ററെ മൂന്ന് മാസം മുമ്പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം വോട്ടര്‍മാരടക്കമുള്ളവരുടെ കണ്‍വെന്‍ഷന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വിളിച്ചു ചേര്‍ത്തിരുന്നു. കെ.സുധാകരന്‍ നേരിട്ട് യോഗത്തില്‍ പങ്കെടുത്തിരുന്നു. ഓരോ വോട്ടറേയും ഡിസി.സി.പ്രസിഡന്റ് നേരിട്ട് ഫോണില്‍ വിളിച്ച് വോട്ടഭ്യര്‍ത്ഥിച്ചിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സാധ്യത പരിഗണിച്ച് ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കേരളം-പുതുച്ചേരി പോലിസ് സേനകളുടെ ശക്തമായ സാന്നിദ്ധ്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. വിമത വിഭാഗം നേതാവ് ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് 167 വോട്ട് കിട്ടിയപ്പോള്‍, ഔദ്യോഗിക പക്ഷത്തെ പി.സതിക്കാണ് (49 വോട്ട് ) കൂടിയ വോട്ട് ലഭിച്ചത്.
കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് ഉള്‍പ്പെട്ട അന്നത്തെ അവിഭക്ത ജില്ലയില്‍ കോണ്‍ഗ്രസിന് ഭരണം ലഭിച്ച രണ്ട് പഞ്ചായത്തുകളിലൊന്നാണ് ചൊക്ലി. ജനസ്വാധീനമുള്ള നേതാക്കളാണ് ഇപ്പോള്‍ നടപടിക്ക് വിധേയരായ മൂന്ന് പേരും. ഡി.സി.സി മെമ്പറും, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറിയും, ചൊക്ലി സര്‍വ്വീസ് കോ-ഓപറേറ്റീവ് ബാങ്ക് മുന്‍ ഡയരക്ടറും, കെ.എ.പി.ടി.യു മുന്‍ സംസ്ഥാന സെക്രട്ടറിയും തലശ്ശേരി ബാറിലെ പ്രമുഖ അഭിഭാഷകനുമാണ് പി.കെ.രവീന്ദ്രന്‍. ജില്ലയിലെ അറിയപ്പെടുന്ന പ്രഭാഷകനും, കവിയും, 16 ഗ്രന്ഥങ്ങളുടെ കര്‍ത്താവു മാണിദ്ദേഹം.
ദീര്‍ഘകാലം ചെക്ലി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്ും കാല്‍ നൂറ്റാണ്ടുകാലം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയരക്ടറും, മുന്‍ ഡി.സി.സി അംഗവുമാണ് വി.കെ ഭാസ്‌കരന്‍ മാസ്റ്റര്‍. ആദ്ധ്യാത്മികെ രാമായണം, ശ്രീനാരായണ ഗുരു സമ്പൂര്‍ണ ജീവചരിത്രം, മുഹമ്മദ് നബി, യേശുദേവന്‍ തുടങ്ങിയവരുടെ ജീവചരിത്ര കാവ്യരചന നടത്തിയ ഭാസ്‌കരന്‍ മാസ്റ്റര്‍, ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവും ഗുരുധര്‍മ്മസഭയുടെ സാരഥിയുമാണ്. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന കെ.പി ദയാനന്ദന്‍ മാസ്റ്റര്‍ മികച്ച സഹകാരിയും ചൊക്ലി പീപ്പിള്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റുമാണ്. കോണ്‍ഗ്രസിന്റെ ചൊക്ലിയിലെ സുപ്രധാന സ്ഥാപനമായ ഈ സൊസൈറ്റിയുടെ കീഴിലാണ് സഹകരണ ബാങ്ക്, നീതി മെഡിക്കല്‍സ്, നീതി ഇലക്ട്രിക്കല്‍സ് തുടങ്ങിയ പ്രമുഖ സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.