കോഴിക്കോട്: ഗുഡ്‌സ് തൊഴിലാളി ട്രേഡ് യൂണിയന്‍-ഉടമ സംഘടനകള്‍ 28ന് സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തും. ജില്ലയിലെ ടിപ്പര്‍-ലോറി-മിനിലോറി, മിനിപിക്കപ്പ്, ടെമ്പോ, ഗുഡ്‌സ് ഓട്ടോ, ജെ.സി.ബി. ഹിറ്റാച്ചി വാഹനങ്ങള്‍ പൂര്‍ണ്ണമായും പണിമുടക്കില്‍ അണിനിരക്കും. പണിമുടക്കുന്ന തൊഴിലാളികള്‍ അന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് കലക്ട്രേറ്റിന് മുമ്പില്‍ മാര്‍ച്ച് സംഘടിപ്പിക്കും. സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. സംയുക്ത ട്രേഡ് യൂണിയന്‍-ഉടമ സംഘടന നേതാക്കള്‍ സംസാരിക്കും. പണിമുടക്കിന്റെ മുന്നോടിയായി 26, 27 തിയതികളില്‍ പ്രതിഷേധം സംഘടിപ്പിക്കും.
ചരക്ക് കടത്ത് മേഖലയിലെ മോട്ടോര്‍ തൊഴിലാളികളുടെ പ്രതിസന്ധിക്ക് പരിഹാരം കാണുക, കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് നിയമ ഭേദഗതിയുടെ പേരിലുള്ള പോലിസ്, ആര്‍.ടി.ഒ, റവന്യൂ-ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരുടെ ചൂഷണംനിര്‍ത്തലാക്കണം. അയല്‍സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് വാടക അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന ജെ.സി.ബി-ഹിറ്റാച്ചി വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി, രജിസ്‌ട്രേഷന്‍ കേരളത്തില്‍ ഉറപ്പാക്കണം. നാഷണല്‍ ഹൈവേകളില്‍ 100 കി.മി. ദൂരപരിധിയില്‍ വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന തീരുമാനം ഇനിയും നടപ്പിലായിട്ടില്ല.
ഡീസല്‍ വിലയും റോഡ് ടാക്‌സും അയല്‍ സംസ്ഥാനത്തെ അപേക്ഷിച്ച് കൂടുതല്‍ ഈടാക്കുന്നത് കാരണം നിരവധി വാഹനങ്ങള്‍ അയല്‍സംസ്ഥാനങ്ങളില്‍ രജിസ്‌ട്രേഷന്‍ ചെയ്ത് ഇന്ധനം നിറക്കുന്ന രീതിയുമാണ് തന്‍മൂലം സംസ്ഥാനത്തിന് ഉണ്ടാവുന്ന നികുതി നഷ്ടം വലുതാണ്. പ്രസ്തുത വിഷയങ്ങള്‍ പഠിച്ച് ഗതാഗത മേഖലയ്ക്ക് ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കുമെന്നത് ഇതുവരെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല ഇതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പരാണ്ടി
മനോജ് (കണ്‍വീനര്‍), കെ.ഷാജി (ഐ.എന്‍.ടി.യു.സി), പി.കെ നാസര്‍( എ.ഐ.ടി.യു.സി), എന്‍.കെ.സി ബഷീര്‍ (എസ്.ടി.യു), സി.ടി സുലൈമാന്‍ (സി.ഐ.ടി.യു), കെ.കെ ഹംസ,സനല്‍ (ജെ.ഡി.യു) എന്നിവര്‍ പങ്കെടുത്തു.