കോഴിക്കോട്: രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്ല്യരാണ്. ഇതിന് മുമ്പും നിരവധി ജനപ്രതിനിധികള്‍ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, രാഹുല്‍ഗാന്ധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് മുകളിലാണെന്ന് കോണ്‍ഗ്രസ് പറയുന്നത് അപഹാസ്യമാണ്. 2013ലെ സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നിരിക്കെ രാഹുല്‍ഗാന്ധിക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്ന് മനസിലാകുന്നില്ല. കോടതി വിധിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ മേല്‍ക്കോടതികളെ സമീപിക്കുകയാണ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ചെയ്യേണ്ടത്. അല്ലാതെ കോടതിയെ അവഹേളിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസ്സാണെന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതിന് കോടതിയില്‍ മാപ്പ് പറഞ്ഞ വ്യക്തിയാണ് രാഹുല്‍. വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിച്ചതിന് പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധമാണ് അദ്ദേഹം നേരിടുന്നത്. ഇന്ത്യയില്‍ ഏകാധിപത്യ ഭരണമാണെന്നും വിദേശശക്തികള്‍ ഇടപെടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടത് ദേശവിരുദ്ധമാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കുകപ്പെടുകയാണെന്ന് വിദേശത്ത് പോയി പ്രസംഗിച്ച രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പു പറയണം. മോദിയോടുള്ള വെറുപ്പ് രാജ്യത്തോട് തീര്‍ക്കുകയാണ് രാഹുലും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചെയ്യുന്നത്. ജോഡോ യാത്രയ്ക്കിടെ രാജ്യത്ത് നിരവധി സ്ത്രീകള്‍ അതിക്രമത്തിന് ഇരയാവുന്നുവെന്നും അവര്‍ ഇത് തന്നോട് തുറന്നു പറഞ്ഞുവെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു. ഇത്തരം ഒരു സംഭവം അറിഞ്ഞാല്‍ പോലിസില്‍ അറിയിക്കേണ്ട ബാധ്യത ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് ഉണ്ടായിരുന്നെങ്കിലും അദ്ദേഹമത് ചെയ്തില്ല. അതിന്റെ പേരില്‍ ഡല്‍ഹി പോലിസ് ചോദ്യം ചെയ്യാന്‍ വന്നപ്പോള്‍ ഇരവാദം ഉയര്‍ത്തുകയാണ് രാഹുല്‍ ചെയ്തത്. ജനപ്രതിനിധി എന്ന നിലയിലും പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ കുറച്ചുകൂടി പക്വത രാഹുല്‍ ഗാന്ധി കാണിക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.