ന്യൂമാഹി: പുഴ കൈയേറ്റത്തിനും തണ്ണീര്‍തടങ്ങള്‍ നികത്തുന്നതിനും കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുന്നതിനുമെതിരേ മയ്യഴി പുഴ സംരക്ഷണ സമിതിയും തീരദേശവാസികളും സജീവമായി രംഗത്ത് വന്നിരിക്കെ, സ്വകാര്യ വ്യക്തികള്‍ തീരത്തെ കണ്ടലുകള്‍ തീയിട്ട് നശിപ്പിച്ചു. പെരിങ്ങാടിക്കടുത്ത പാത്തിക്കലില്‍ മയ്യഴിപ്പുഴയോരത്തെ കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടെ കത്തിച്ച് പുഴയോരം നികത്തുകയാണ്. വാര്‍ത്താമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതിന്റെ രോഷപ്രകടനം കൂടിയാണ് സ്ഥലമുടമയുടെ വെല്ലുവിളി. ഇന്നലെ ഉച്ചയോടെയാണ് ഇവിടെ തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പ്പെട്ടത്. നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത ബൈപാസ് കടന്നു പോകുന്ന മയ്യഴിപ്പുഴക്ക് കുറുകെയുള്ള പാലത്തിനടിയിലാണ് ഈ പ്രദേശം. പാത്തിക്കല്‍ ഭാഗങ്ങളിലെ പുഴയോരത്തും പുഴയോട് ചേര്‍ന്ന റോഡിന്റെ മറുഭാഗത്തും ചതുപ്പ് നിലങ്ങള്‍ നികത്തുന്നതും വ്യാപകമായിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനം പിന്നീട് നടത്താന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ നികത്തുന്നത്.
ചൊക്ലി പഞ്ചായത്ത് സെക്രട്ടറി ഷീജാമണിയുടെ നേതൃത്വത്തില്‍ അധികൃതര്‍ കണ്ടലിന് തീയിട്ട സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം സ്ഥലം ഉടമയില്‍ നിന്ന് ചൊക്ലി പഞ്ചായത്ത് പിഴ ഈടാക്കിയതിന് ശേഷം വലിയ പ്രശ്‌നമില്ലാതെ പോയതാണ്. ഇപ്പോള്‍ അവിടുത്തെ 40 സെന്റോളം സ്ഥലംമണ്ണിട്ട് നികത്തി കരയാക്കിയപ്പോള്‍ വെട്ടി മാറ്റിയതും അല്ലാത്തതുമായ കണ്ടലാണ് തെളിവ് നശിപ്പിക്കാന്‍ അഗ്‌നിക്കിരയാക്കിയത്. കഴിഞ്ഞ വര്‍ഷം ഒടുക്കിയ പിഴ ബാക്കി കൂടെ നികത്താനുള്ള ലൈസന്‍സായി മാറുന്നതാണ് കാണുന്നത്. ആ സ്ഥലത്തെ മണ്ണ് മാറ്റി പിഴയീടാക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊള്ളണമെന്ന് മയ്യഴിപ്പുഴ സംരക്ഷണ സമിതി അധികൃതരോടാവശ്യപ്പെട്ടു.