ന്യൂഡല്‍ഹി: ‘ഒരു ശബ്ദം ഇല്ലാതാക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും ഇന്ത്യയുടെ ശബ്ദം കേള്‍ക്കുന്നു’ രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയുടെ വിദേശ മാധ്യമ റിപ്പോര്‍ട്ടുകള്‍ ശശി തരൂര്‍ പങ്കുവച്ച് ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി കൊണ്ട് ഇന്നലെയാണ് ലോക്‌സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കെതിരേയുള്ള നടപടിയുടെ വേഗത ഞെട്ടിപ്പിക്കുന്നതാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും ശശി തരൂര്‍ എം.പി പ്രതികരിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്. നാളെ മുതല്‍ സംസ്ഥാന,ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുമെന്നും ജയറാം രമേശ് കോണ്‍ഗ്രസ് ഉന്നതതലയോഗത്തിന് ശേഷം അറിയിച്ചു. അദാനി വിഷയത്തില്‍ ശബ്ദമുയര്‍ത്തിയത് രാഹുലിനോടുള്ള പ്രതികാരമായാണ്. സൂറത്ത് കോടതി വിധിക്ക് അടിസ്ഥാനമായ മാനനഷ്ട കേസിലെ പരാതിക്കാരന്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയതിലും, പിന്നീട് അത് പിന്‍വലിപ്പിച്ചതിലും ദുരൂഹതയുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.