കോഴിക്കോട്: ആസിം വെളിമണ്ണ ഫൗണ്ടേഷനും കെ.എം.സി.ടിയും ചേര്‍ന്ന് 14 വയസ്സില്‍ താഴെ പ്രായമുള്ള ഭിന്നശേഷിയുള്ള കുട്ടികളെ കണ്ടെത്തി അവരില്‍ ഏറ്റവും അര്‍ഹരായവരുടെ ചികിത്സക്കായി ഒരുകോടി രൂപ ചെലവഴിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2021ലെ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് ഫൈനലിസ്റ്റായി തെരഞ്ഞടുക്കപ്പെട്ടതിന് ശേഷം സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തില്‍ തുടങ്ങിയതാണ് ആസിം വെളിമണ്ണ ഫൗണ്ടേഷന്‍. ഭിന്നശേഷിയുള്ള ഒട്ടനവധി കുട്ടികള്‍ കേരളത്തില്‍ വൈദ്യസഹായം കിട്ടാത്തതിന്റെ പേരില്‍ പ്രയാസം അനുഭവിക്കുന്നുണ്ട്. അവര്‍ക്ക് സാമൂഹികമായി മുന്നില്‍ എത്തിപ്പെടാന്‍ അവരെ പാകപ്പെടുത്തി എടുക്കുകയെന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ഈ ഒരു പ്രോഗ്രാം കെ.എം.സി.ടി ഹോസ്പിറ്റലിനോടൊപ്പം മുന്നോട്ടുവയ്ക്കുന്നത്.
ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവരെ പോലെ കലാ-കായിക മേഖലയില്‍ ഉന്നതി നേടുക എന്ന ലക്ഷ്യത്തില്‍ ആസിം വെളിമണ്ണ ഫൗണ്ടേഷന്‍ പുതിയൊരു പദ്ധതി ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ കേരള സാഹചര്യത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളെ ഉള്‍ക്കൊള്ളിക്കുന്ന ഒരു വിശാലമായ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആണ് ലക്ഷ്യം വയ്ക്കുന്നത്. അതിന്റെ ആദ്യഭാഗമെന്നോണം ഇന്റര്‍നാഷണല്‍ കിഡ്‌സ് ഫൗണ്ടേഷന്റെ ഭാഗത്തു നിന്നും സഹകരണം ഉണ്ടാകുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ടെന്നും ഭാരവഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് ആസിം (ഫൗണ്ടര്‍ ഓഫ് ആസിം വെളിമണ്ണ ഫൗണ്ടേഷന്‍), സര്‍താജ് അഹ്‌മദ് (മെമ്പര്‍ ഓഫ് ആസിം വെളിമണ്ണ ഫൗണ്ടേഷന്‍), ശാക്കിര്‍ (പ്രൊജക്ട് മാനേജര്‍ ഓഫ് ആസിം വെളിമണ്ണ ഫൗണ്ടേഷന്‍), സൈത് യമാനി എന്നിവര്‍ പങ്കെടുത്തു.