മാഹി: കേന്ദ്ര റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എ ഉണ്ണികൃഷ്ണന്‍ ബിഷപ്പ് ഹൗസിലെത്തി. ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ ജോസഫ് പാംപ്ലാനി ഉയര്‍ത്തിയ ആവശ്യങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നും, ഏപ്രില്‍ 18ന് വകുപ്പ് മന്ത്രി ഗോയലിനെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തുമെന്നും കെ.എ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. റബറില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമില്ലെന്നും, കരുതലിന്റെ രാഷ്ട്രീയം മാത്രമേയുള്ളൂവെന്നും ബിഷപ്പ് വ്യക്തമാക്കി. റബ്ബറിന് 300 രൂപ താങ്ങ് വില നിശ്ചയിക്കണമെന്ന ആവശ്യത്തില്‍ ബിഷപ്പ് ഉറച്ചു നിന്നു. വ്യാവസായിക ഉല്‍പ്പന്നമെന്നതില്‍ നിന്നും കാര്‍ഷിക ഉല്‍പ്പന്നമാക്കി റബറിനെ മാറ്റുമെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പറഞ്ഞു. കാര്‍ഷിക വിളയാക്കിയാല്‍ താങ്ങ് വില നിശ്ചയിക്കാനാകും. ബോര്‍ഡ് വഴി ഒട്ടേറെ ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ഇതിനായി ഒരു പാക്കേജ് തന്നെ കൊണ്ടുവരും. ടാപ്പിങ്ങ് ഇല്ലാത്ത വേളകളില്‍ തൊഴിലാളികള്‍ക്ക് ധനസഹായം ലഭ്യമാക്കും. റീ പ്ലാന്റേഷന് 25,000 രൂപ അനുവദിക്കും. തൊഴിലാളികളുടെ പെണ്‍മക്കളുടെ വിവാഹത്തിന് ധനസഹായം ലഭ്യമാക്കും. ക്ഷേമ പെന്‍ഷന്‍ കൊണ്ടു വരും. ഭവന നിര്‍മാണ ധനസഹായവും നല്‍കും. റബ്‌വുഡിന്റെ വില വര്‍ദ്ധിപ്പിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.