ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധത്തിനായി കോണ്‍ഗ്രസ്. ‘സേവ് ഡെമോക്രസി’ മൂവ്മെന്റിനാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പി.ചിദംബരം എന്നിവരുള്‍പ്പെടെ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം സംബന്ധിച്ച് തീരുമാനമായത്. അതേസമയം, സംഭവത്തിന് ശേഷമുള്ള ആദ്യവാര്‍ത്താ സമ്മേളനം നടത്താന്‍ തയാറായിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എ.ഐ.സി.സി ആസ്ഥാനത്താണ് വാര്‍ത്താ സമ്മേളനം ചേരുക.
രാഹുലിനേയും കുടുംബത്തേയും ബി.ജെ.പി വക്താക്കളും മന്ത്രിമാരും അധിക്ഷേപിച്ചിട്ടും ഒരു ജഡ്ജിയും അവര്‍ക്കെതിരേ രണ്ട് വര്‍ഷത്തെ തടവ് വിധിക്കുകയോ അയോഗ്യരാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിനു ശേഷമായിരുന്നു പ്രതികരണം. രാഹുലിനെതിരെയുള്ള നടപടി അദാനി-മോദി കൂട്ടുകെട്ടിന്റെ പ്രതിഫലനമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചു.അതേസമയം രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി മറ്റ് പ്രതിപക്ഷ നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു.