അടച്ചിട്ട റോഡുകള്‍ തിങ്കളാഴ്ചയ്ക്കകം തുറന്നില്ലെങ്കില്‍ പ്രക്ഷോഭം: വ്യാപാരികള്‍

അടച്ചിട്ട റോഡുകള്‍ തിങ്കളാഴ്ചയ്ക്കകം തുറന്നില്ലെങ്കില്‍ പ്രക്ഷോഭം: വ്യാപാരികള്‍

തലശ്ശേരി: നവീകരിക്കാനായി പഴയ ബസ് സ്റ്റാന്റില്‍ അടച്ചിട്ട രണ്ട് റോഡുകള്‍ തിങ്കളാഴ്ചയ്ക്കകം തുറന്ന് നല്‍കിയില്ലെങ്കില്‍ കടയടപ്പ് ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികള്‍ നടത്തുമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലശ്ശേരി മുനിസിപ്പല്‍ കമ്മിറ്റിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് മാസങ്ങളായി പഴയ ബസ് സ്റ്റാന്റിലെ വ്യാപാര മേഖല മുഴുവന്‍ സ്തംഭനത്തിലാണുള്ളത്. പ്രവൃത്തി നടത്തുന്ന തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടേയും കരാറുകാരന്റേയും നിരുത്തരവാദിത്വപരമായ നിലപാടാണ് പഴയ ബസ് സ്റ്റാന്റിലെ കച്ചവട കേന്ദ്രങ്ങളെ പരിതാപകരമായ സ്ഥിതിയിലാക്കിയത്. സംഘടനാ പ്രതിനിധികള്‍ ഇവരെ സമീപിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ പരസ്പരം കുറ്റപ്പെടുത്തുന്ന രീതിയാണ് കണ്ടത്. വിഷയം നഗരസഭാ അധികൃതരുമായി സംസാരിച്ചപ്പോള്‍ അവര്‍ക്കും വ്യക്തമായ മറുപടി പറയാനാവുന്നില്ല. വ്യാപാരികള്‍ മാത്രമല്ല പൊതു ജനങ്ങളും ദുരിതം പേറുകയാണ്. അഞ്ച് ഹൈസ്‌കൂളുകള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങള്‍, താലൂക്ക് ആശുപത്രി, ഒട്ടേറെ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടങ്ങളിലെല്ലാം വന്നു പോവേണ്ടവരായ മുതിര്‍ന്നവരും കുട്ടികളും വയോജനങ്ങളും കഷ്ടപ്പെടുകയാണ്. സമരമല്ലാതെ അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ മറ്റ് വഴികളില്ലെന്നും സംഘടനാ നേതാക്കളും ഭാരവാഹികളുമായ കെ.കെ.സഹദേവന്‍, ടി.ഇസ്മയില്‍, സി.പി.എം നൗഫല്‍, റഫീഖ് കാത്താണ്ടി, നൗഫല്‍ഫ്‌ളോറാ, പി.കെ ജൂമ്പൈര്‍, ഉസീബ് ഉമ്മലില്‍, എം.വി ഹരീന്ദ്രന്‍, ഇല്യാസ് ചാത്താടി, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *