കോഴിക്കോട്: റഷ്യന്‍ യുവതി കോഴിക്കോട്ട് പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തു. കൂരാച്ചുണ്ട് പോലിസ് സ്റ്റേഷന്‍ ഓഫിസറോട് വനിത കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ യുവതിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ഇതിനായി റഷ്യന്‍ ഭാഷ അറിയുന്ന ആളുകളുടെ സഹായം ഉടന്‍ തേടാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
കോഴിക്കോട് കൂരാച്ചുണ്ടില്‍ വെച്ച് പരുക്കറ്റ റഷ്യന്‍ യുവതിയുടെ മൊഴി പോലിസ് ഇന്ന് രേഖപ്പെടുത്തും. ദ്വിഭാഷിയുടെ സഹായത്തോടെയാണ് മൊഴിയെടുക്കുക. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂരാചുണ്ട് പോലിസാണ് കഴിഞ്ഞ ദിവസം രാത്രി യുവതിയെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ചാടിയതെന്നാണ് ലഭിച്ച വിവരം. ഇവരുടെ ആണ്‍ സുഹൃത്തായ കൂരാച്ചുണ്ട് സ്വദേശിയെ ഇതുവരെ കണ്ടെത്താനായില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പോലിസ് നിഗമനം. യുവതി മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ ചികിത്സയിലാണ്.