ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ മേല്‍ക്കോടതികള്‍ എടുക്കുന്ന നിലപാട് രാഹുല്‍ ഗാന്ധിക്ക് നിര്‍ണായകമാകും. കുറ്റം സ്റ്റേ ചെയ്യാത്തിനാല്‍ നിലവില്‍ രാഹുലിന് അയോഗ്യത വരാമെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വി അഭിപ്രായപ്പെട്ടു. മാനനഷ്ടക്കേസില്‍ രണ്ടു കൊല്ലം തടവ് എന്ന പരമാവധി ശിക്ഷ കിട്ടിയതോടെ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വവും അനിശ്ചിതത്വത്തിലായി. കുറ്റക്കാരനാക്കിയ വിധി പൂര്‍ണ്ണമായും സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ആദ്യം വിചാരണ കോടതിയെ സമീപിക്കും എന്നാണ് സിംഗ്വി അറിയിച്ചത്. അപ്പീല്‍ പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയും ഈ വിധി പൂര്‍ണ്ണമായും സ്റ്റേ ചെയ്യണം. ഹൈക്കോടതി ശിക്ഷ മാത്രമാണ് സ്റ്റേ ചെയ്യുന്നതെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭ അംഗത്വം നഷ്ടമാകും. മജിസ്‌ട്രേറ്റിന്റെ നടപടി നിയമവിരുദ്ധമാണെങ്കിലും രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഇനി ഈ വിധി വലിയ സമ്മര്‍ദ്ദമായി തുടരും.
പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അയോഗ്യരാക്കാനുള്ള ചട്ടങ്ങളില്‍ സുപ്രീം കോടതിയുടെ മുന്‍ നിലപാട് ഇക്കാര്യത്തിലും നിര്‍ണായകമാകും. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ ശിക്ഷ വരുന്ന ദിവസം മുതല്‍ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാല്‍സംഗം, അഴിമതി ഉള്‍പ്പടെ ഗൗരവതരമായ കുറ്റങ്ങള്‍ക്ക് ശിക്ഷ എത്രയായാലും അയോഗ്യരാകും. മറ്റെല്ലാ ക്രിമിനല്‍ കേസുകളിലും രണ്ടു വര്‍ഷമോ അതിലധികമോ ശിക്ഷ കിട്ടിയാല്‍ അയോഗ്യത എന്നാണ് വ്യവസ്ഥ. ക്രിമിനല്‍ മാനനഷ്ടത്തില്‍ പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം തടവാണ് ഇപ്പോള്‍ കോടതി രാഹുല്‍ ഗാന്ധിക്ക് നല്കിയിരിക്കുന്നത്. ശിക്ഷ മാത്രമാണ് ഇപ്പോള്‍ വിചാരണ കോടതി സ്റ്റേ ചെയ്തിരിക്കുന്നത് എന്നാണ് പാര്‍ട്ടി നേതാവ് കൂടിയായ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി അറിയിച്ചത്. കുറ്റം പൂര്‍ണ്ണമായും സ്റ്റേ ചെയ്താലേ അയോഗ്യത നടപടികള്‍ ഒഴിവാക്കാനാകൂ. ഈ അപേക്ഷ കോടതി അംഗീകരിക്കും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.