തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ നടപ്പിലാക്കുന്ന ഊര്‍ജ്ജിത മൃഗസംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം നാളെ (25-03-2023 ) മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. കുറഞ്ഞ ചെലവില്‍ കര്‍ഷകരുടെ വീട്ടുപടിക്കല്‍ ചികില്‍സ ലഭ്യമാക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് ആയ ‘ആശ്രയ’, യഥാസമയം കര്‍ഷകരുടെ വീട്ടുപടിക്കല്‍ കൃത്രിമ ബീജാധാന സേവനം ഉറപ്പാക്കുന്ന ‘പ്രതീക്ഷ’ എന്നീ രണ്ട് പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുക. നാളെ രാവിലെ 10.30ന് തിരുവനന്തപുരം ഉച്ചക്കട ടി.ജെ.എം പാരിഷ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എം. വിന്‍സന്റ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ , ടി.ആര്‍.സി.എം.പി.യു മാനേജിംഗ് ഡയറക്ടര്‍ ഡി.എസ് കോണ്ട, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാംസുരാംഗന്‍, കെ.എല്‍.ഡി ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ.ആര്‍ രാജീവ് തുടങ്ങിയവര്‍ പങ്കെടുക്കും.