ചാലക്കര പുരുഷു
മാഹി: വേനലില്‍ മയ്യഴിപ്പുഴയുടെ പല ഭാഗങ്ങളും മെലിഞ്ഞുണങ്ങി. കടലിനോട് ചേര്‍ന്ന് കിടക്കുന്ന മാഹി, ന്യൂമാഹി പെരിങ്ങത്തൂര്‍ വരെയുള്ള ഭാഗങ്ങളില്‍ മാത്രമാണ് ജലസമൃദ്ധി നിലനില്‍ക്കുന്നുള്ളൂ. പല ഭാഗങ്ങളിലും ഉറവക്കണ്ണുകള്‍ അടഞ്ഞ് പൂഴിപ്പരപ്പുകളായി വരണ്ട് കിടക്കുകയാണ്. മറ്റിടങ്ങില്‍ നീര്‍ച്ചാലുകള്‍ ഒഴുകുന്നു സമീപത്തെ കിണറുകള്‍ വറ്റുകയോ, ജലനിരപ്പ് ഗണ്യമായി കുറയുകയോ ചെയതിട്ടുണ്ട്. മുമ്പൊരിക്കലുമില്ലാത്ത അവസ്ഥയാണിത്. പാത്തിക്കല്‍ ഭാഗത്ത് പുഴയോടനുബന്ധിച്ച് തണ്ണീര്‍ത്തടം ഇപ്പോള്‍ പൂര്‍ണ്ണമായും നികത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഭൂവുടമ ഒരറ്റം നികത്തിയപ്പോള്‍, ചൊക്ലി പഞ്ചായത്ത് പിഴ ചുമത്തിയിരുന്നു. ഇന്നവിടം പൂര്‍ണമായും നികത്തിക്കഴിഞ്ഞു. തലശ്ശേരി-മാഹി ബൈപാസ് പാലത്തിന്റെ ഓവര്‍ഹെഡ് ഭാഗത്തിന് നേരെ കിഴക്ക് ഭാഗം പുഴയില്‍ ഒഴുകിയെത്തുന മഴവെള്ളം ഉള്‍ക്കൊള്ളേണ്ട ഭൂമിയാണ്. ഇതിനാടുത്താണ് ന്യൂമാഹി ആസ്ഥാനം. മലിനീകരണ നിയന്ത്രണ എന്‍ജിനീയര്‍ പരിശോധിച്ച് നോട്ടീസയച്ചതുമായ പുഴയില്‍ ചെന്നു ചേരുന്ന ഓട ഇവിടെ കാണാം. വന്‍കിട കമ്പനിയില്‍ നിന്നുള്ള വിഷാംശമടങ്ങിയ മലിനജലം പുഴയിലാണ് ചെന്നു ചേരുന്നത്. ഇത് ജലജീവികളുടെ നിലനില്‍പ്പിനും ഭീഷണിയായിട്ടുണ്ട്.
മയ്യഴിപ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ ജാഗ്രതാ സമിതികളുടെ നിരന്തര ഇടപെടലില്‍ ഇപ്പോള്‍ പുഴയില്‍ പ്ലാസ്റ്റിക് സഞ്ചികളിലാക്കിയ മാലിന്യം ഒഴുകുനത് കുറഞ്ഞിട്ടുണ്ട്. ‘പുഴയോരങ്ങളില്‍ പലയുടങ്ങളിലും മാലിന്യങ്ങള്‍ കാണാം. അവ നീക്കം ചെയ്ത് ക്യാമറകള്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.
വയനാട് ജില്ലയിലെ പശ്ചിമഘട്ടത്തിലെ മലനിരകളില്‍ നിന്ന് പുറപ്പെട്ട് , നരിപ്പറ്റ , വാണിമേല്‍, ഇയ്യങ്കോട് , ഇരിങ്ങണ്ണൂര്‍, പെരിങ്ങത്തൂര്‍, പെരിങ്ങളം, ഇടച്ചേരി, കിടഞ്ഞി, കച്ചേരി, ഏറാമല, കരിയാട്, ഒളവിലം, കുന്നുമ്മക്കര , അഴിയൂര്‍ എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി മയ്യഴിയുടെ അഴിമുഖത്തെത്തി അറബിക്കടലിലേക്ക് ചേരുമ്പോള്‍ പുഴ സഞ്ചരിക്കുന്നത് അമ്പത്തിനാല് കിലോമീറ്ററാണ്. പുഴയൊഴുകും വഴിയില്‍ ഒത്തിരി തണ്ണീര്‍തടങ്ങള്‍ പിറവിയെടുത്തിട്ടുണ്ട്. ചരിത്രപഥത്തില്‍ ഒരു കാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനല്‍ എന്നറിയപ്പെട്ടിരുന്ന ഈ പുഴയുടെ തീരത്തിലെ ഒരു പഴയ കാല ചിത്രമാണ് എം.മുകുന്ദന്‍ തന്റെ വിഖ്യാത നോവലില്‍ നിറം മങ്ങാതെ വരച്ചുവച്ചത്. കരയിടിഞ്ഞും മാലിന്യമടിഞ്ഞും ജൈവവൈവിധ്യം കുറഞ്ഞും ആസന്നമായ വിനാശത്തിന്റെ വഴിയിലേക്ക് മയ്യഴിപ്പുഴയും എത്തിനില്‍ക്കുകയാണിന്ന്. അനധികൃതമായി പടുത്തുയര്‍ത്തിയ കെട്ടിടങ്ങളും അവയ്ക്ക് വേണ്ടി തടുത്തുനിര്‍ത്തിയ നീരൊഴുക്കുകളും കരകളില്‍ നിന്ന് വലിച്ചെറിയുന്ന ജൈവ-അജൈവ മാലിന്യങ്ങളും പുഴയെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നു .