ഒപ്പം കലാ-സാംസ്‌കാരിക മേളയും വ്യാവസായിക പ്രദര്‍ശനവും
കോഴിക്കേട്: ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീത ജലധാര പ്രദര്‍ശനങ്ങളിലൊന്നായ ഫൗണ്ടെയ്ന്‍ ബിനാലെ ഏപ്രില്‍ ഒമ്പതുമുതല്‍ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ട്രീറ്റ്‌സ് ഓഫ് മെട്രോസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബിനാലെ വിപുലമായ കലാ-സാംസ്‌കാരിക പരിപടികളുടെ കൂടി വേദിയാകും. ലോകത്തെ ആദ്യ ലൈവ് സിങ്ക്രണൈസ്ഡ് വാട്ടര്‍ ഫൗണ്ടെയ്ന്‍ ബിനാലെയുടെ പ്രധാന ആകര്‍ഷണമാണ്. വേദിയില്‍ ജലധാരയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന സംഗീത പരിപാടിയാണിത്. പേര്‍ഷ്യന്‍, ലണ്ടന്‍, തമിഴ്‌നാട് തെരുവുകളുടെ പുനരാവിഷ്‌കാരമാണ് മറ്റൊരു പ്രത്യേകത. വിഖ്യാതമായ തെരുവുകളെ സാംസ്‌കാരിക തനിമയോടെ ചിത്രീകരിക്കം . ഈന്തപ്പനകളും ഒട്ടകവും പഴയകാല പേര്‍ഷ്യന്‍ വില്‍പ്പനശാലകളുമെല്ലാം ചേര്‍ന്ന് നൂറ്റാണ്ടുകളുടെ പൈതൃക ഭൂമിയിലേക്കു കാഴ്ചക്കാരുടെ കൈ പിടിക്കും. പ്രൗഢമായ ലണ്ടന്‍ തെരുവ് ആധുനികതയുടെ തികവോടെ പുനര്‍ജനിക്കും. ബ്രിട്ടീഷ് ജീവിതതാളം ഇഴചേരുന്ന നഗരത്തില്‍ ഭക്ഷ്യ വില്‍പ്പനശാലകള്‍തൊട്ടു വിഖ്യാതമായ വിദ്യാഭ്യസ സ്ഥാപനങ്ങള്‍വരെ കാണാനാകും. ചോളപ്പാടങ്ങള്‍ അതിരിടുന്ന ഗ്രാമഭംഗിയില്‍ തമിഴകത്തിന്റെ പാരമ്പര്യത്തനിമ അടുത്തറിയാം.
മേളയോടനുബന്ധിച്ചുള്ള പെയ്ന്റിങ് ആന്‍ഡ് സ്‌കള്‍പ്‌ച്ചേഴ്‌സ് ഫെസ്റ്റിവലില്‍ രാജ്യത്തെ പ്രമുഖ ചിത്രകാരന്മാരും ശില്‍പ്പികളും അണിനിരക്കും. ബിനാലെ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കുന്ന ആര്‍ട് ഗാലറിയിലായിരിക്കും ചിത്ര-ശില്‍പ്പ പ്രദര്‍ശനവും വില്‍പ്പനയും. ഒമ്പതു നാള്‍ നീളുന്ന ചലച്ചിത്രോത്സവത്തില്‍ വിശ്രുത ചിത്രങ്ങളുടെ പ്രദര്‍ശനത്തിനൊപ്പം അഭിനയ പഠന ക്യാംപുകളും ഉണ്ടായിരിക്കും. ബന്ധപ്പെട്ട മേഖലകളിലെ പ്രമുഖര്‍ ക്യാംപുകളില്‍ പങ്കെടുക്കും. വിപുലമായ ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, വ്യാവസായിക മേളയും ബിനാലെയുടെ ഭാഗമാണ്. വിവിധയിനം റൈഡ്‌സും ഗെയിംസും ഉള്‍പ്പെടെയുള്ള വിശാലമായ അമ്യൂസ്‌മെന്റ് പാര്‍ക്ക് കുട്ടികള്‍ക്കു വേറിട്ട അനുഭവമായിരിക്കും. നാടകക്കളരി, നാടകമത്സരം, സൗന്ദര്യ മത്സരം, ലൈവ് മ്യൂസിക് ബാന്‍ഡ്, പാചക മത്സരം, ഫ്‌ലീ മാര്‍ക്കറ്റ് തുടങ്ങിയവയും ബിനാലെയുടെ ഭാഗമായുണ്ടാകും. ഒന്നരമാസം നീളുന്ന മേള മേയ് 30ന് അവസാനിക്കും. സ്റ്റാളുകള്‍ ബുക്ക് ചെയ്യാന്‍ 8848802406 എന്ന നമ്പറില്‍ ബന്ധപ്പെടുക. വാര്‍ത്താ സമ്മേളനത്തില്‍ സ്ട്രീറ്റ്‌സ് ഓഫ് മെട്രൊസ് ചെയര്‍മാന്‍ രാജേഷ് രാധാകൃഷ്ണന്‍, ചിത്രകാരന്‍ സുനില്‍ അശോകപുരം , ബിനാലെ പ്രൊമോട്ടര്‍ ജി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.