മാഹി: മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന മാഹി ടൗണില്‍, 1991ലെ സി.ആര്‍.സെഡ് നിയമം കര്‍ശനമാക്കിയതോടെ ഏതാണ്ട് പകുതിയോളം ഭാഗത്ത് മാത്രമേ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവൂ. കടലില്‍ നിന്ന് 500 മീറ്ററും പുഴയില്‍ നിന്ന് 100 മീറ്ററും വിട്ട് മാത്രമേ നിര്‍മാണം നടത്താനാവുകയുള്ളൂ. നിലവില്‍ തീരദേശ റോഡ് ഉള്ളതിനാല്‍ അതിനപ്പുറം കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കി വന്നിരുന്നു. എന്നാലിപ്പോള്‍ റോഡുകളുണ്ടായാലും അഞ്ഞൂറ് മീറ്റര്‍ അകലം പാലിച്ചിരിക്കണമെന്ന് നിഷ്‌ക്കര്‍ഷിച്ചിരിക്കുകയാണ്. ഇതോടെ ജനങ്ങള്‍ തിങ്ങി താമസിക്കുന്ന, ഏറെ സ്ഥലപരിമിതികളുള്ള മാഹി ടൗണില്‍ ജനങ്ങള്‍ ആശങ്കയിലാണ്. കടല്‍ തീരത്തു നിന്നും മാഹി ചൂടിക്കോട്ടയിലെ ശ്രീകൃഷ്ണ ക്ഷേത്രം, സെമിത്തേരി റോഡിലെ ശ്രീനാരായണ കോളജ് വരെ സി.ആര്‍.സെഡ് പരിധിയില്‍ വരും. അധികൃതരുടെ കര്‍ശന നിയന്ത്രണം കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.