കോഴിക്കോട്: കപട യുക്തി നിരത്തി ദേശീയതയുടെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനും ജനങ്ങളുടെ വൈകാരികത മുതലെടുക്കാനുമാണ് രാജ്യത്ത് ശ്രമം നടക്കുന്നതെന്ന് മേയര്‍ ബീന ഫിലിപ് പറഞ്ഞു. ഹിറ്റ്‌ലറിന്റെ ഫാസിസ്റ്റ് ദര്‍ശനങ്ങള്‍ ചരിത്രം നിരാകരിച്ചതാണ്. മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കാത്ത യുക്തിബോധമാണ് പ്രചരിപ്പിക്കപ്പെടുന്നത്. രാജ്യത്ത് കപട യുക്തിബോധം പ്രചരിപ്പിക്കുന്നവരെ സമൂഹം തിരിച്ചറിയണം. കുട്ടികളില്‍ തെറ്റായ ചരിത്രം അടിച്ചേല്‍പ്പിക്കുകയാണ്. ഹിന്ദുവിനെ ഏറ്റവുമധികം കൊന്നത് ഹിന്ദുവും മുസ്ലിമിനെ ഏറ്റവുമധികം കൊന്നത് മുസ്ലിമും ക്രിസ്ത്യാനിയെ ഏറ്റവുമധികം കൊന്നത് ക്രിസ്താനിയുമായിരുന്നെന്ന് ചരിത്രത്തിലൂടെ പഠിക്കാന്‍ സാധിക്കും. വിശാലമായ ആതിഥ്യമര്യാദയുള്ള ഇന്ത്യ ഇന്ന് എവിടെ എത്തിനില്‍ക്കുന്നുവെന്ന് നാം ആലോചിക്കണമെന്നവര്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.ദിനേശന്‍ അധ്യക്ഷത വഹിച്ചു. ഡോ.പി.പി അബ്ദുള്‍റസാഖ് (റിട്ട.പ്രൊഫസ്സര്‍, പി.എസ്.എം കോളേജ് തിരൂരങ്ങാടി) വിഷയാവതരണം നടത്തി. സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍, സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവംഗം കെ. ചന്ദ്രന്‍മാസ്റ്റര്‍ സംസാരിച്ചു. ജില്ലാലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍.ഉദയന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എന്‍.ശങ്കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.