ഒമ്പത് ലക്ഷത്തിലധികം കന്നുകാലികള്‍ക്ക് കുത്തിവയ്പ്പ് നല്‍കി : മന്ത്രി ജെ.ചിഞ്ചുറാണി
തിരുവനന്തപുരം: സംസ്ഥാനത്ത് കന്നുകാലികളില്‍ പൊട്ടിപ്പുറപ്പെട്ട ചര്‍മമുഴ രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പ് ദ്രുതഗതിയില്‍ നടപ്പിലാക്കിയ പ്രതിരോധ കുത്തിവയ്പ്പ് തീവ്രയജ്ഞം പൂര്‍ത്തിയായി. നാല്‍പത് ദിവസം കൊണ്ട് 9,14,871 എണ്ണം കന്നുകാലികള്‍ക്കാണ് കുത്തിവയ്പ്പ് നല്‍കിയത്. സംസ്ഥാനത്ത് ആകെ 19877 കന്നുകാലികളിലാണ് ചര്‍മമുഴ രോഗം ബാധിച്ചത്. അതില്‍ 570 കന്നുകാലികള്‍ ചത്തു. 17,538 എണ്ണം കന്നുകാലികള്‍ രോഗവിമുക്തി നേടി. 1769 കന്നുകാലികള്‍ സുഖം പ്രാപിച്ചുവരുന്നതായും മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
ചര്‍മമുഴ രോഗം മൂലം ചത്ത പശുക്കള്‍ക്ക് നഷ്ടപരിഹാരത്തുക ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ചര്‍മമുഴ വന്ന് ചത്ത പശുക്കളുടെ ഉടമകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നഷ്ടപരിഹാരത്തുകയായി വലിയ പശുവിന് മുപ്പതിനായിരം രൂപയും പ്രായം കുറഞ്ഞ കിടാരി പശുവിന് 16,000 രൂപയും കന്നുക്കുട്ടിക്ക് 5000 രൂപയും നല്‍കുമെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. കൂടാത മൃഗാശുപത്രികള്‍ വഴി ചര്‍മമുഴ രോഗത്തിനുള്ള മരുന്നുകള്‍ കൂടുതല്‍ സംഭരിച്ചതായും അവ വിതരണം ചെയ്യാനുള്ള നടപടികള്‍ ഇതിനോടകം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.