ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് സര്‍വകലാശാല ബിരുദമോ നിയമബിരുദമോ ഉണ്ടായിരുന്നില്ലെന്നും അത് ജനങ്ങളുടെ തെറ്റിധാരണ മാത്രമായിരുന്നുവെന്നും മനോജ് സിന്‍ഹ പറഞ്ഞു. വിദ്യാഭ്യാസം കുറഞ്ഞ ഒരു പ്രധാനമന്ത്രിക്ക് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ വാര്‍ത്തെടുക്കാനാവുമോ എന്ന കെജ്രിവാളിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മനോജ് സിന്‍ഹ. വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയായിരുന്നു നമുക്കുള്ളതെങ്കില്‍ വിദ്യാലയങ്ങളുടെ പ്രാധാന്യം മനസിലാക്കി അവ അടച്ചു പൂട്ടുന്നതിനു പകരം കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്യുമായിരുന്നു എന്ന് വ്യാഴാഴ്ച ജന്തര്‍മന്ദിറില്‍ നടന്ന പൊതുപരിപാടിയില്‍ കെജ്രിവാള്‍ പറഞ്ഞിരുന്നു.
‘ഗാന്ധിജിയ്ക്ക് വിദ്യാഭ്യാസമില്ലെന്ന് ആരെങ്കിലും പറയുമോ? അതുപറയാനുള്ള ധൈര്യം ആര്‍ക്കുമില്ല. ഏതെങ്കിലും സര്‍വകലാശാലാ ബിരുദമോ യോഗ്യതയോ അദ്ദേഹത്തിനില്ല. ഗാന്ധിജി നിയമബിരുദം നേടിയിട്ടുണ്ടെന്നാണ് പലരും കരുതുന്നത്. പക്ഷെ അദ്ദേഹത്തിന് നിയമബിരുദമില്ല. ഹൈസ്‌കൂള്‍ ഡിപ്ലോമയാണ് അദ്ദേഹത്തിന്റെ ഏകയോഗ്യത.നിയമവ്യവഹാരം നടത്തുന്നതിനുള്ള യോഗ്യത അദ്ദേഹത്തിനുണ്ട്. നമ്മുടെ രാഷ്ട്രപിതാവിന്റെ വിദ്യാഭ്യാസയോഗ്യത എന്താണെന്ന് നോക്കൂ എന്ന് പൊതുപരിപാടിയില്‍ സിന്‍ഹ പരോക്ഷമായി പ്രതികരിച്ചു.