കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡനം; അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍, ഒരാളെ പിരിച്ചുവിട്ടു

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡനം; അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍, ഒരാളെ പിരിച്ചുവിട്ടു

കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളെ പിരിച്ചുവിടുകയും ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. മൊഴി മാറ്റാന്‍ വേണ്ടി യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളെ പിരിച്ചുവിടുകയും ചെയ്തു. ഒരു നഴ്സിങ് അസിസ്റ്റന്റ്, ആശുപത്രി അറ്റന്‍ഡന്റര്‍മാര്‍, ദിവസവേതനക്കാര്‍ തുടങ്ങിയവര്‍ മൊഴി മാറ്റാന്‍ വേണ്ടി നിര്‍ബന്ധിച്ചുവെന്ന് പറഞ്ഞ് യുവതി പരാതി നല്‍കിയിരുന്നു.
കേസില്‍ അഞ്ചു ജീവനക്കാരെ പ്രതിചേര്‍ത്തിട്ടുണ്ട്. ഒരു നഴ്സിംഗ് അസിസ്റ്റന്റ്, ഗ്രേഡ് രണ്ട് അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് ഒരു അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മെഡിക്കല്‍ കോളേജ് എസിപി കെ. സുദര്‍ശന്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ സി യുവിനുള്ളില്‍വെച്ച് ആശുപത്രി ജീവനക്കാരന്‍ വടകര സ്വദേശി ശശീന്ദ്രന്‍ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറു മണിക്കും 12 മണിക്കും ഇടയിലാണ് യുവതി പീഡനത്തിനിരയായത്. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. യുവതിയെ ഇവിടെയെത്തിച്ചത് ഈ അറ്റന്‍ഡറാണ്. ഇതിനു ശേഷം മടങ്ങിയ ഇയാള്‍ അല്‍പസമയം കഴിഞ്ഞു തിരികെവന്നാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.
ശസ്ത്രക്രിയക്കു വേണ്ടി അനസ്തേഷ്യ നല്‍കിയിരുന്നതിനാല്‍ മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് സംസാരിക്കാവുന്ന അവസ്ഥയായപ്പോള്‍ വാര്‍ഡിലുണ്ടായിരുന്ന നഴ്സിനോട് കാര്യം യുവതി പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ അറിയിക്കുകയും പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *