ന്യൂഡല്‍ഹി: രാഹുലിനെതിരായ ബി.ജെ.പി നീക്കങ്ങള്‍ അയോഗ്യതയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് സൂചനകള്‍. അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ വായടപ്പിക്കാന്‍ വിവിധ സംഭവങ്ങളിലായി രാജ്യത്താകെ 16 കേസുകളാണ് രാഹുലിനെതിരെ ഉള്ളത്.
കേസുകളില്‍ മുന്നിലുള്ളത് നാഷണല്‍ ഹെരാള്‍ഡുമായി ബന്ധപ്പെട്ടതാണ്. ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി നല്കിയ പരാതിയിലാണ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്നത്. നാഷണല്‍ ഹെരാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിനെ പുതിയതായി രൂപീകരിച്ച യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് സുബ്രഹ്മണ്യന്‍സ്വാമി ആരോപണം ഉയര്‍ത്തി. 2012 നവംബറിലാണ് ഇതു സംബന്ധിച്ച പരാതിയുമായി അദ്ദേഹം രംഗത്തെത്തിയത്.
മോദി എന്ന പേര് പരാമര്‍ശത്തില്‍ സൂറത്തിനു പുറമേ പട്നയിലും ബിഹാറിലും റാഞ്ചിയിലും രാഹുലിനെതിരെ കേസുകളുണ്ട്. 2018ല്‍ അമിത് ഷായെ കൊലപാതകി എന്നു വിശേഷിപ്പിച്ചതില്‍ റാഞ്ചിയിലും ചായിബാസയിലും രണ്ടു കേസുകളുണ്ട്. കൊലപാതകത്തില്‍ ആരോപണവിധേയനായ ആളെ ബിജെപി അധ്യക്ഷനായി സ്വീകരിക്കും എന്നു പറഞ്ഞതിന് റാഞ്ചിയില്‍ തന്നെ മറ്റൊരു കേസുമുണ്ട്. രാഹുലിനെ ശ്രീരാമനായി ചിത്രീകരിച്ച് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്, മോദിയെ കള്ളന് എന്നു വിളിച്ചത്, 1984 കലാപത്തെക്കുറിച്ചുള്ള പരാമര്‍ശം എന്നിവയിലുള്ള കേസുകളും രാഹുലിനെതിരെ നിലവിലുണ്ട്.
ആര്‍എസ്എസിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മഹാരാഷ്ട്രയിലും അസമിലുമായി മൂന്ന് കേസുകള്‍ രാഹുലിനെതിരെ ഉണ്ട്. 2014-ല്‍ മഹാരാഷ്ട്രയിലെ താനെയില്‍ തെരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെയാണ് കേസിനാസ്പദമായ ഒരു പരാമര്‍ശം ഉണ്ടായത്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് രാഹുല്‍ പറഞ്ഞത്. ‘ആര്‍എസ്എസുകാര്‍ ഗാന്ധിജിയെ കൊലപ്പെടുത്തി. എന്നിട്ടിപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് പറയുന്നു. ആര്‍എസ്എസുകാര്‍ സര്‍ദാര്‍ പട്ടേലിനെയും ഗാന്ധിജിയെയും എതിര്‍ത്തവരാണ്’ രാഹുല്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നല്കിയ കേസില്‍ വിചാരണ നടക്കാനിരിക്കുകയാണ്.
2016ലാണ് രാഹുലിനെതിരെ അസമില്‍ ആര്‍എസ്എസുകാര്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. വൈഷ്ണവ മഠമായ ബാര്‍പേട്ട സത്രത്തില്‍ പ്രവേശിക്കാന്‍ ആര്‍എസ്എസ്സുകാര്‍ തന്നെ അനുവദിച്ചില്ല എന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഇതാണ് കേസിലേക്ക് നയിച്ചത്. അസം കാമരൂപ് മെട്രോപൊളിറ്റന്‍ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു. കേസില്‍ വിചാരണ അന്തിമഘട്ടത്തിലാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2018ല്‍ ആര്‍എസ്എസിനെതിരെ നടത്തിയ പരാമര്‍ശത്തിലും മുംബൈ അഡീഷണല്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ രാഹുലിനെതിരെ കേസുണ്ട്. രണ്ട് കക്ഷികളും ഹാജരാകാത്തതിനാല്‍ ഈ കേസ് മാറ്റി വെച്ചിരിക്കുകയാണ്.
നോട്ടുനിരോധനത്തിന്റെ പശ്ചാത്തലത്തില്‍ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും കുറിച്ച് ട്വീറ്റ് ചെയ്തതിലാണ് മറ്റൊരു കേസ്. നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ അമിത് ഷാ ഡയറക്ടറായ ബാങ്ക് 745.58 കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറി എന്നായിരുന്നു രാഹുല്‍ ആരോപിച്ചത്. ഈ കേസില്‍ വാദം ആരംഭിക്കാനിരിക്കുകയാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷായെ കൊലപാതകക്കേസില്‍ ആരോപണവിധേയനായ ആള് എന്നു വിളിച്ചതില്‍ അഹമ്മദാബാദ് കോടതിയില്‍ എത്തിയ ഹര്‍ജിയിലും നടപടി തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കമാന്‍ഡര്‍ ഇന്‍ തീഫ്’ എന്നു വിളിച്ചതില്‍ മുംബൈ ഗിര്‍ഗാവ് കോടതിയില്‍ രാഹുലിനെതിരെ സ്വകാര്യ വ്യക്തി നല്കിയ ഹര്‍ജിയും നിലവിലുണ്ട്.