കാരന്തൂര്‍: സമൂഹ നിര്‍മിതിയിലെ അടിസ്ഥാന ഘടകമായ കുടുംബത്തില്‍ സ്ത്രീകള്‍ നിര്‍വഹിക്കുന്ന ദൗത്യങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് സി. മുഹമ്മദ് ഫൈസി. കുടുംബബന്ധം ഊഷമളമാക്കുന്നതിലും പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിലും സ്ത്രീകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സമൂഹ നിര്‍മിതിക്കാവശ്യമായ പരമ്പരാഗതവും നൂതനവുമായ നൈപുണികള്‍ ആര്‍ജ്ജിക്കുന്നത് മികച്ച ഫലം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് ഹാദിയ അക്കാദമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനികള്‍ക്കുള്ള ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹാദിയ ഹയര്‍സെക്കന്‍ഡറി, ഹാദിയ ഡിപ്ലോമ പഠനം പൂര്‍ത്തീകരിച്ച 143 പേരാണ് ചടങ്ങില്‍ ബിരുദം നേടിയത്. ഹയര്‍സെക്കന്‍ഡറിയില്‍ നാജില ടി.കെ, ലിയാന ഫാത്വിമ, ശിന്‍ശ ശറിന്‍ എന്നിവരും ഡിപ്ലോമയില്‍ സഫീല നസ്‌റിന്‍, നുസൈബ .കെ, ഫാത്വിമ റബീഅത് എന്നിവരും യഥാക്രമം ആദ്യ മൂന്നു റാങ്കുകള്‍ കരസ്ഥമാക്കി. മര്‍കസ് ചെയര്‍മാന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ബിരുദദാന പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഉനൈസ് മുഹമ്മദ്, അസ്ലം നൂറാനി, ശറഫുദ്ദീന്‍ കെ, ശിഹാബുദ്ദീന്‍, അബ്ദുസ്വമദ് സഖാഫി, ഇസ്സുദ്ദീന്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി, അസ്ലം സഖാഫി, സയ്യിദ് ജാഫര്‍ തങ്ങള്‍, സ്വാലിഹ് ഇര്‍ഫാനി സംബന്ധിച്ചു.