ന്യൂഡല്‍ഹി : സ്വപ്‌നങ്ങളുടെ പേരില്‍ അണികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ആര്‍.ജെ.ഡി നേതാവും മന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ് ട്വിറ്ററില്‍ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഭഗവാന്‍ കൃഷ്ണനെ സ്വപ്നം കണ്ടുണര്‍ന്നു എന്ന തരത്തിലെ വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. ശ്രീകൃഷ്ണന്‍ വിശ്വരൂപത്തില്‍ തനിക്ക് ദര്‍ശനം നല്‍കിയെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഹിന്ദു ദൈവങ്ങളെ പോലെ വേഷം ധരിച്ച് നടന്ന് ശ്രദ്ധ നേടിയ ആളാണ് തേജ് പ്രതാപ് യാദവ്. പട്‌നയിലെ ശിവക്ഷേത്രത്തില്‍ അദ്ദേഹം ശിവനെപ്പോലെ വേഷം ധരിച്ച് പ്രാര്‍ഥിക്കാന്‍ പോയ സംഭവവും ഉണ്ടായിട്ടുണ്ട്.
‘വിശ്വരൂപത്തിലാണ് ഞാന്‍ അങ്ങയെ കാണുന്നത്. കീരീടധാരിയായി, ശംഖുചക്രഗദാധാരിയായി ലോകമെങ്ങും വെളിച്ചം വിതറുന്ന വിധത്തില്‍’ തേജ് പ്രതാപ് പറയുന്നു. അദ്ദേഹം കിടന്നുറങ്ങുന്നതാണ് വീഡിയോയിലുള്ളത്. മഹാഭാരത യുദ്ധവും ഭഗവാന്‍ കൃഷ്ണനെയും അദ്ദേഹം സ്വപ്നത്തില്‍ കാണുന്നു. സ്വപ്നം കാണുന്നതോടെ തേജ്പ്രതാപ് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുന്നതും വീഡിയോയിലുണ്ട്.
ഇതാദ്യമായല്ല സ്വപ്നങ്ങളുടെ പേരില്‍ തേജ് പ്രതാപ് അണികളെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തുന്നത്. ഫെബ്രുവരി 22ന് അദ്ദേഹം പട്‌നയിലുള്ള സെക്രട്ടേറിയറ്റിലേക്ക് സൈക്കിളില്‍ പോയിരുന്നു. അന്തരിച്ച സമാജ് നാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെ സ്വപ്നത്തില്‍ കണ്ടെന്നും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സൈക്കിള്‍ യാത്രയെന്നുമാണ് അന്ന് തേജ് പ്രതാപ് പറഞ്ഞത്. ശ്രീകൃഷ്ണനായി വേഷം ധരിച്ച് പ്രത്യക്ഷപ്പെടുന്നതിലൂടെ വാര്‍ത്തിയിലിടം പിടിച്ചയാളാണ് തേജ് പ്രതാപ്. സഹോദനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ അര്‍ജുനന്‍ എന്നും തന്നെ കൃഷ്ണന്‍ എന്നുമാണ് തേജ് പ്രതാപ് വിശേഷിപ്പിക്കുന്നത്.