രാഹുലിന് പിന്തുണയുമായി പ്രിയങ്കയും പ്രതിപക്ഷ നേതാക്കളും

രാഹുലിന് പിന്തുണയുമായി പ്രിയങ്കയും പ്രതിപക്ഷ നേതാക്കളും

ന്യൂഡല്‍ഹി:  മോദി സമുദായത്തിനെതിരായുള്ള അപകീര്‍ത്തിക്കേസില്‍ കോടതി ശിക്ഷ വിധിച്ച പശ്ചാത്തലത്തില്‍ രാഹുലിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ സത്യം പറയുന്നത് തുടരുമെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്നും രാജ്യത്തെ ജനങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നത് തുടരുമെന്നും പ്രിയങ്ക പറഞ്ഞു. രാഹുല്‍ ഭയപ്പെടില്ലെന്നും സത്യം പറയുന്നത് തുടരുമെന്നും സഹോദരനെ പിന്തുണച്ചു കൊണ്ട് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരേ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തി. കേസില്‍ നിയമത്തിന്റെ വഴിയിലൂടെത്തന്നെ പോകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നീതിന്യായ വകുപ്പും തിരഞ്ഞെടുപ്പ് കമ്മീഷനും ഇ.ഡിയുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് അശോക് ഗെഹ്ലോട് ആരോപിച്ചു. ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാഹുലിനെ പിന്തുണച്ച് കൊണ്ട് അഭിപ്രായപ്പെട്ടു. കോടതിയെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ വിധിയോട് വിയോജിപ്പാണെന്നും കെജ്രിവാള്‍ പറഞ്ഞു.

അതേസമയം, രാഹുല്‍ഗാന്ധിക്ക് വന്‍ സ്വീകരണമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. സൂറത്തില്‍ നിന്ന് വിധി കേട്ട് ഡല്‍ഹിയിലേയ്ക്ക് മടങ്ങുന്ന രാഹുലിന് ഡല്‍ഹി വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കും. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം ഇതിനായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തും. പ്രമുഖ നേതാക്കള്‍ക്കും എം.പിമാര്‍ക്കുമൊപ്പം പ്രവര്‍ത്തകരും രാഹുലിനെ സ്വീകരിക്കാനെത്തും.സൂറത്തില്‍ നിന്ന് നാലര മണിയോടെ രാഹുല്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *