രാഹുലിന്റെ ശിക്ഷാവിധി : പ്രതികരണവുമായി ബി.ജെ.പി നേതാക്കള്‍

രാഹുലിന്റെ ശിക്ഷാവിധി : പ്രതികരണവുമായി ബി.ജെ.പി നേതാക്കള്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്ത്. രാഹുല്‍ കുറച്ചു കാലമായി പറയുന്നത് കോണ്‍ഗ്രസിന് മാത്രമല്ല രാജ്യത്തിനു തന്നെ ദോഷം ചെയ്യുന്നതാണെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രതികരണം. കോണ്‍ഗ്രസിനെ തകര്‍ത്തത് രാഹുല്‍ ഗാന്ധിയാണെന്ന് കോണ്‍ഗ്രസുകാര്‍ പോലും പറഞ്ഞുവെന്ന് കിരണ്‍ റിജിജു പറഞ്ഞു.

രാഹുലിന്റെ പരാമര്‍ശം ജാതീയവും അപകീര്‍ത്തികരവുമാണെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ രൂക്ഷമായി കുറ്റപ്പെടുത്തി. സമൂഹത്തിലെ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും ഇന്ത്യയേയും ഇന്ത്യക്കാരേയും പരിഹസിക്കാന്‍ ഒരു മടിയുമില്ലാത്ത ആളാണ് രാഹുലെന്നും മാളവ്യ പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലിടപെടാന്‍ യൂറോപ്പിനോടും യു.എസിനോടും രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് രാഹുലിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. ‘നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി… ഇവരുടെയെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ? എല്ലാ കള്ളന്മാരുടേയും പേരിനൊപ്പം മോദി എങ്ങനെ വന്നു? ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേര് പുറത്തു വരും’ എന്ന പരാമര്‍ശമാണ് രാഹുലിന് വിനയായത്.
നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെയെല്ലാം പേരിനൊപ്പം മോദി എന്ന പേര് വന്നത് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിയും കള്ളനാണെന്ന് വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരിഹാസം. ഇതിനെതിരേ മോദി സമുദായത്തില്‍ നിന്നുള്ളവരെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബിജെപി നേതാവും സൂറത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതോടെ സ്ഥിതിമാറുകയായിരുന്നു.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *