കോഴിക്കോട്: യു.സി രാമന്‍ മുസ്ലീം ലീഗിന്റെ ബഹുജന്‍ രാഷ്ട്രീയത്തിന്റെ നാഴികക്കല്ലാണെന്നും അദ്ദേഹത്തെ ശരിയായി മനസിലാക്കാനും അവതരിപ്പിക്കാനും സമൂഹത്തിന് ഇന്നും കഴിഞ്ഞിട്ടില്ലെന്നും പ്രശസ്ത എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ പറഞ്ഞു. മുസ്‌ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യു.സി രാമനെ ആദരിക്കുന്നതിന് കോഴിക്കോട്ടെ സൗഹൃദ വേദി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവരണ മണ്ഡലങ്ങളില്‍ നിന്ന് ജനപ്രതിനിധികളായിട്ടുള്ളവരില്‍ ആ സമൂഹത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിയ നേതാവായിരുന്നു യു.സി രാമനെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.വി സുബ്രമണ്യന്‍ പറഞ്ഞു.
വി.എം സുരേഷ് ബാബു സ്വാഗതം പറഞ്ഞ പരിപാടിയില്‍ പി.കെ രാധാകൃഷ്ണന്‍ അനുമോദന പ്രസംഗം നടത്തി. സതീഷ് പാറന്നൂര്‍ മൊമെന്റോയും കെ.വി സുബ്രമണ്യന്‍, രാംദാസ് വേങ്ങേരി, കെ.ടി സുമ എന്നിവര്‍ പൊന്നാടയും ശങ്കരന്‍ മടവൂര്‍ ബൊക്ക നല്‍കിയും യു.സി രാമനെ അനുമോദിച്ചു. വി.എസ് അഭിലാഷ്, കെ.മാധവന്‍, കെ.പി ലിജുകുമാര്‍ , പുഷ്പന്‍ മാസ്റ്റര്‍ , യു.വി മാധവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വര്‍ത്തമാനകാലത്ത് ന്യൂനപക്ഷ ബഹുജന്‍ രാഷ്ട്രീയത്തിന് ഏറെ പ്രസക്തിയുണ്ടെന്നും ബഹുജന്‍ രാഷ്ട്രീയത്തോടൊപ്പം നിന്നുക്കൊണ്ട് മുസ്‌ലീം ലീഗിന്റെ മുന്നണി പോരാളിയായി പ്രവര്‍ത്തിക്കുമെന്നും സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് യു.സി രാമന്‍ പറഞ്ഞു. തുടര്‍ന്ന് ഗിരീഷ് ആമ്പ്രയുടെ നാടന്‍ പാട്ട് അരങ്ങേറി.