സൂറത്ത്: തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മോദി സമുദായത്തെ അപമാനിച്ചെന്ന പരാതിയില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് സൂറത്ത് സി.ജെ.എം കോടതി.എല്ലാ കള്ളന്മാരുടേയും പേരിനൊപ്പം മോദിയുണ്ടെന്ന വിവാദ പരാമര്‍ശത്തിലാണ് കോടതി വിധി. കോടതി ആവശ്യപ്പെട്ട പ്രകാരം ഡല്‍ഹിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും വിധി കേള്‍ക്കാന്‍ സൂറത്തിലെത്തിയിരുന്നു.രണ്ട് വര്‍ഷം തടവു ശിക്ഷയാണ് കോടതി വിധിച്ചത്. കോടതിയില്‍ നിന്ന് തന്നെ ജാമ്യം നേടിയ രാഹുല്‍ വിധിക്കെതിരേ അപ്പീല്‍ നല്‍കും.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലാറില്‍ വച്ച് നടത്തിയ പ്രസംഗമാണ് കേസിനാധാരം. കള്ളന്‍മാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നതെന്തുകൊണ്ടാണെന്നാണ് രാഹുല്‍ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തില്‍ നിന്നുള്ള മുന്‍ മന്ത്രിയും ബി.ജെ.പി എം.എല്‍.എ യുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. രാഹുലിന് പിന്തുണ അറിയിച്ച് ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സൂറത്തിലെത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരായി നടത്തുന്നത് ബോധപൂര്‍വമുള്ള വേട്ടയെന്ന് ഗുജറാത്ത് പി.സി.സി പ്രസിഡന്റ് ജഗദീഷ് ഠാക്കൂര്‍ ആരോപിച്ചു.