നരേന്ദ്രമോദിയും അമിത്ഷായും നടത്തുന്ന അഴിമതികള്‍ തുറന്നുകാട്ടുന്ന രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ശ്രമം; ചെന്നിത്തല

നരേന്ദ്രമോദിയും അമിത്ഷായും നടത്തുന്ന അഴിമതികള്‍ തുറന്നുകാട്ടുന്ന രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ശ്രമം; ചെന്നിത്തല

കൊച്ചി: രാഹുല്‍ ഗാന്ധി ഒരു സമുദായത്തെ ആക്ഷേപിക്കുന്ന വ്യക്തിയല്ല. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത്ഷായും നടത്തുന്ന അഴിമതികള്‍ തുറന്നുകാട്ടിയ അദ്ദേഹത്തെ നിശബ്ദനാക്കാനുള്ള ശ്രമമാണ് സമുദായ അധിക്ഷേപ കേസെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിക്കാര്‍ ആസൂത്രിതമായി ഏതാണ്ട് മുപ്പത്തിമൂന്നോളം കേസുകള്‍ രാഹുല്‍ ഗാന്ധിക്കെതിരെ കൊടുത്തിരിക്കുകയാണ്. അദ്ദേഹത്തെ നിശബ്ദനാക്കാന്‍ ബോധപൂര്‍വം നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിത്. ഈ കേസ് കൊടുത്തത് തന്നെ ഗുജറാത്തിലെ ഒരു മുന്‍ മന്ത്രിയാണ്.
വിധിക്കെതിരേ അപ്പീല്‍ പോകുന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. എന്തായാലും ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്താന്‍ കഴിയില്ല. ശക്തമായ പോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും’, രമേശ് ചെന്നിത്തല പറഞ്ഞു.

2019ലെ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദിയാണ് പരാതിക്കാരന്‍. ‘എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ നീരവ് മോദി, ലളിത് മോദി എന്നിവരെയാണ് രാഹുല്‍ ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം. കേസില്‍ വിശദമായി വാദം കേട്ടതിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചു. സൂറത്തിലെ സി.ജെ.എം കോടതിയുടേതാണ് വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യവും അനുവദിച്ചിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *