പരാതി സ്ഥിരീകരിച്ച് സൂപ്രണ്ട്
അതിജീവിതയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തി
കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മെഡി. കോളേജില്‍ പീഡിപ്പിച്ച സംഭവത്തില്‍ പരാതി പിന്‍വലിപ്പിക്കാന്‍ അതിജീവിതയ്ക്ക് മേല്‍ ജീവനക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി. അതിജീവിതയുടെ ഭര്‍ത്താവ് ആശുപത്രി സൂപ്രണ്ടിനു ഇത് സംബന്ധിച്ചു പരാതി നല്‍കി. കേസില്‍ പ്രതിയായ ആശുപത്രി ജീവനക്കാരന്റെ സഹപ്രവര്‍ത്തകരായ വനിതാ ജീവനക്കാരാണ് സമ്മര്‍ദ്ദം ചെലുത്തുന്നതെന്നും ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത് അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞു. ഭര്‍ത്താവിന്റെ പരാതി ശരിവയ്ക്കുകയാണ് ആശുപത്രി സൂപ്രണ്ടും.
ഇരയോട് ജീവനക്കാര്‍ മോശമായി പെരുമാറുകയും സമ്മര്‍ദ്ദം ചെലുത്തി മൊഴി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും ഡോക്ടര്‍മാര്‍ അല്ലാതെ മറ്റാരും ഇനി യുവതി ചികിത്സയിലുള്ള വാര്‍ഡില്‍ പ്രവേശിക്കരുതെന്നും ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയ സര്‍ക്കലുറില്‍ പറയുന്നു. ഇരയായ സ്ത്രീയെ സമീപിച്ച ജീവനക്കാരുടെ പേരും തസ്തികയും അടക്കമുള്ള വിവരങ്ങള്‍ സര്‍ക്കുലറിലുണ്ട്. മജിസ്‌ട്രേറ്റ് കോടതിയിലേക്ക് പോകുന്ന കേസില്‍ ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് അതീവഗുരുതരമായ വിഷയമാണെന്നും ഇതിന്റെ പേരില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള എല്ലാ പ്രശ്‌നങ്ങളും ജീവനക്കാര്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ആശുപത്രി സൂപ്രണ്ടിന്റെ സര്‍ക്കുലറിലുണ്ട്.
പരാതി പിന്‍വലിക്കാന്‍ ഇരയെ മാനസികമായി വിഷമിപ്പിച്ചെന്നും പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും വകുപ്പ് മേധാവിമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ സൂപ്രണ്ട് പറയുന്നു. അതിജീവിതയ്ക്ക് വാര്‍ഡില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയതായും വനിത സുരക്ഷാ ജീവനക്കാരെ നിയോഗിച്ചതായും അറിയിച്ച സൂപ്രണ്ട് ഡോക്ടര്‍മാര്‍ ഒഴികെ മറ്റുള്ളവര്‍ വാര്‍ഡില്‍ പ്രവേശിക്കുന്നതിന് വിലക്കിയിട്ടുമുണ്ട്.