ഇന്ത്യയെ 21 റണ്‍സിന് പരാജയപ്പെടുത്തി, സൂര്യകുമാര്‍ മൂന്നാം തവണയും ഗോള്‍ഡന്‍ ഡെക്ക്
ചെന്നൈ: നാല് വര്‍ഷത്തിനു ശേഷം ഇന്ത്യക്ക് പരമ്പര നഷ്ടം. ഓസീസിനെതിരേയുള്ള മൂന്നാം ഏകദിനത്തില്‍ 21 റണ്‍സിനായിരുന്നു ഇന്തയുടെ തോല്‍വി. ഒരുഘട്ടത്തില്‍ അനായത്തില്‍ ലക്ഷ്യത്തിലേക്കെത്തുമെന്ന് തോന്നിച്ചെങ്കിലും ഓസിസ് ബോളിങ് നിരക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്കായില്ല. ഓസീസിനായി ആദംസാംപ നാല് വിക്കറ്റുകളുമായി കത്തി കയറിയപ്പോള്‍ ഇന്ത്യക്ക് മറുപടിയുണ്ടായില്ല. എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആസ്‌ട്രേലിയയെ 47 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷും, 38 റണ്‍സ് നേടിയ അലക്‌സ് കെയറിയും, 33 റണ്‍സ് നേടിയ ട്രാവിസ് ഹെഡുമാണ് ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. ക്യാപ്റ്റന്‍ സ്റ്റീവ്മിത്തിനെ സംപൂജ്യനാക്കി ഹാര്‍ദിക് പാണ്ഡ്യ വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുലിന്റെ കൈകളില്‍ എത്തിച്ചത് ആസ്‌ട്രേലിയക്ക് തിരിച്ചടിയായി. 49 ഓവറില്‍ 269 റണ്‍സെടുക്കുന്നതിനെടെ ഓസീസ് നിരയില്‍ എല്ലാവരും പുറത്തായി. ഇന്ത്യക്കുവേണ്ടി ഹാര്‍ദിക്ക് പാണ്ഡ്യയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതവും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും നേടി.
270 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്കായി ഓപ്പണര്‍മാര്‍ മകച്ച തുടക്കമായിരുന്നു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും 68 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 30 റണ്‍സെടുത്ത രോഹിത്തിനെ മിച്ചല്‍ സ്റ്റാര്‍ക്കും 37 റണ്‍സെടുത്ത ഗില്ലിനെ ആദം സാംപയുമാണ് പുറത്താക്കിയത്. തുടര്‍ന്ന് ക്രീസില്‍ ഒത്തുച്ചേര്‍ന്ന വിരാട് കോഹ്ലിയും കെ.എല്‍ രാഹുലും വളരെ ശ്രദ്ധയോടു കൂടിയാണ് ബാറ്റ് വീശിയത്. അര്‍ധ സെഞ്ചുറി പാര്‍ട്ട്ണര്‍ഷിപ്പ് പിന്നിട്ട ഇരുവരുടേയും കൂട്ടുക്കെട്ടു പൊളിക്കാന്‍ ആദം സാംബ തന്നെ വേണ്ടിവന്നു. സ്‌കോര്‍ 146ല്‍ നില്‍ക്കെ 32 റണ്‍സെടുത്ത രാഹുലിനെ സീന്‍ ആബട്ടിന്റെ കൈകളിലെത്തിച്ച സാംപ ആസ്‌ട്രേലിയക്ക് മികച്ച ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നു വന്ന അക്ഷര്‍പട്ടേലിനെ ക്യാപ്റ്റന്‍ സ്റ്റീവ്‌മെത്ത് റണ്ണൗട്ടാക്കിയതോടു കൂടി ഇന്ത്യയുടെ നില പരുങ്ങലിലായി. ഹാര്‍ദിക്ക് പാണ്ഡ്യയെ കൂട്ടുപിടിച്ച് സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാന്‍ ശ്രമിച്ച കോലിയെ ഡോവിഡ് വാര്‍ണറുടെ കൈകളിലെത്തിച്ച് ആഷ്ട്ടണ്‍ അഗര്‍ ഇന്ത്യയെ വലിയ സമ്മര്‍ദത്തിലേക്ക് നയിച്ചു. 54 റണ്‍സുമായി കോലി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 35 ഓവറില്‍ അഞ്ചിന് 185 എന്ന നിലയിലായിരുന്ന. അഞ്ച് വിക്കറ്റ് ശേഷിക്കെ 85 റണ്‍സ് അകലെ മാത്രമായിരുന്നു ഇന്ത്യയുടെ വിജയ ലക്ഷ്യം. എന്നാല്‍ ഈ ഏകദിന പരമ്പരയില്‍ പതിവ് തെറ്റിക്കാതെ സൂര്യകുമാര്‍ യാദവ് വീണ്ടും ഗോള്‍ഡന്‍ ഡെക്കായി. കഴിഞ്ഞ രണ്ടുതവണയും മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നിലായിരുന്നു വീണതെങ്കില്‍ ഇത്തവണ ആഷ്ടണ്‍ അഗര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
മൂന്ന് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായതോടെ സൂര്യകുമാര്‍ കുറിച്ചത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം റെക്കോര്‍ഡുകളിലൊന്നാണ്. കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലുമുള്ള ഏകദിന പരമ്പരയില്‍ ഇതാദ്യമായാണ് ഒരു ബാറ്റസ്മാന്‍ മുഴുവന്‍ മത്സരങ്ങളിലും ഗോള്‍ഡന്‍ ഡെക്കാവുന്നത്. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഒന്നു മുതല്‍ ഏഴ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തിട്ടുള്ളവരില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡെക്കാവുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. 1994ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് സൂര്യക്ക് മുമ്പ് മൂന്നു തുടര്‍ മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡെക്കായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. വാലറ്റക്കാരില്‍ 1996ല്‍ അനില്‍ കുംബ്ലെയും 2003-2004ല്‍ സഹീര്‍ ഖാനും 2010-2011ല്‍ ഇഷാന്ത് ശര്‍മയും 2017-2019ല്‍ ജസ്പ്രീത് ബുമ്രയും മുമ്പ് മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ഡന്‍ ഡെക്കായിട്ടുണ്ട്. പ്രതീക്ഷകള്‍ ഹാര്‍ദിക് പാണ്ഡ്യയിലേക്കും രവീന്ദ്ര ജഡേജയിലേക്കും നീണ്ടെങ്കിലും 40 റണ്‍സെടുത്ത പാണ്ഡ്യയെ പുറത്താക്കി സാംപ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. 18 റണ്‍സെടുത്ത ജഡേജയേയും സാംപ മടക്കിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. 49.1 ഓവറില്‍ ഇന്ത്യ ഓള്‍ ഔട്ടായി. ആദം സാംപ കളിയിലെ താരമായപ്പോള്‍ മിച്ചല്‍ മാര്‍ഷാണ് പരമ്പരയുടെ താരം.