ന്യൂഡല്‍ഹി : റഫാല്‍ കേസില്‍ സുപ്രീംകോടതി നല്‍കിയ മുന്നറിയിപ്പ് രാഹുല്‍ അവഗണിച്ചെന്ന് സൂറത്തിലെ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി. 2019 ല്‍ റഫാല്‍ കേസില്‍ വീണ്ടുവിചാരമില്ലാത്ത പ്രസ്താവനകള്‍ നടത്തരുതെന്ന് രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നല്കിയിരുന്നു. ആരോപണമുന്നയിക്കുമ്പോള്‍ ജാഗ്രത ഉണ്ടാകണമെന്ന സുപ്രീംകോടതി മുന്നറിയിപ്പ് രാഹുല്‍ അവഗണിച്ചുവെന്ന് സൂറത്ത് കോടതി ചൂണ്ടിക്കാട്ടി. മോദി സമുദായത്തിനെതിരായുള്ള അപകീര്‍ത്തിക്കേസില്‍ സുപ്രീംകോടതിയുടെ വിധി ഭാഗങ്ങളും സൂറത്ത് കോടതി ശിക്ഷാവിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കുറഞ്ഞ ശിക്ഷ മാനനഷ്ടത്തിന് പരിഹാരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിക്ക്് കുറഞ്ഞ ശിക്ഷ നല്‍കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. കൂടുതല്‍ സത്യസന്ധത ആവശ്യമായ എം. പി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ അര്‍ഹിക്കുന്ന ശിക്ഷയാണ് രാഹുല്‍ ഗാന്ധിക്ക് വിധിച്ചതെന്ന് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച്.എച്ച വര്‍മ 168 പേജ് ദൈര്‍ഘ്യമുള്ള വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടു.