ചണ്ഡീഗഢ്: ഖലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ ആറാം ദിവസവും കാണാമറയത്ത്. പോലീസ് അന്വേഷണം ആറാം ദിവസത്തിലേയ്ക്ക് കടന്നിട്ടും വ്യക്തമായ ഒരു സൂചനയും പഞ്ചാബ് പോലീസിന് ലഭിച്ചിട്ടില്ല. അമൃത്പാലിന്റെ മാതാവ് ബല്‍വീന്ദര്‍ കൗറിനേയും ഭാര്യ കിരണ്‍ദീപ് കൗറിനേയും ചോദ്യം ചെയ്യുകയാണ് പഞ്ചാബ് പോലീസ്. ബുധനാഴ്ച അമൃത്സറിലെ ജല്ലുപുര്‍ ഖേരയിലെത്തിയാണ് രണ്ടുപേരേയും അന്വേഷണ സംഘം ചോദ്യം ചെയ്തത്. വാരിസ് പഞ്ചാബ് ദേ സംഘടനയ്ക്ക് വിദേശത്തു നിന്ന് ഫണ്ട് ലഭിക്കുന്നത് യു.കെ സ്വദേശിയായ കിരണ്‍ദീപ് കൗറുമായി ബന്ധപ്പെട്ടാണെന്ന് ആരോപണം ഉയരുന്നുണ്ട്.കഴിഞ്ഞ ഫെബ്രുവരിയിലാണ് കിരണ്‍ദീപ് കൗറുമായി അമൃത്സിംഗിന്റെ വിവാഹം നടന്നത്.
അമൃത്പാല്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ബൈക്ക് ജലന്ധറില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ ദാരാപൂരിലെ കനാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഒരു മുച്ചക്ര വണ്ടിയില്‍ കയറി രക്ഷപ്പെടുന്ന അമൃത്പാലിന്‍രെ ഫോട്ടോ പുറത്തു വന്നിട്ടുണ്ട്.ഗുരുദ്വാരയില്‍ നിന്ന് മോട്ടോര്‍ബൈക്കുമായി ഒരു കൂട്ടാളിക്കൊപ്പം കാര്‍ട്ടില്‍ രക്ഷപ്പെടുന്നതായാണ് ഫോട്ടോയില്‍ കാണുന്നത്. ഇന്ധനം തീര്‍ന്നതിനാലാണോ അതോ മറ്റ് മെക്കാനിക്കള്‍ പ്രശ്‌നങ്ങള്‍ കാരണമാണോ ബൈക്ക് കാര്‍ട്ടില്‍ കയറ്റിയതെന്ന് വ്യക്തമല്ല. നേരത്തേ നാല് കൂട്ടാളികള്‍ കൂടെ ഉണ്ടായിരുന്നെങ്കിലും പുതിയ ചിത്രത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മാത്രമേ അമൃത്പാലിനൊപ്പമുള്ളൂ.