കോഴിക്കോട്: സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ തടയിടാന്‍ നിയമ നടപടികള്‍ കര്‍ശനമാക്കണമെന്ന് വിസ്ഡം യൂത്ത് സംഘടിപ്പിച്ച ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു. ലഹരിക്കും ലൈംഗികാസക്തിക്കും അടിമപ്പെട്ട ആളുകളുടെ അക്രമങ്ങള്‍ നാടിനു ഭീഷണിയായി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാന നഗരിയില്‍ നടന്ന രണ്ടു വ്യത്യസ്ത സംഭവങ്ങളെ ഗൗരവപൂര്‍വ്വം നോക്കി കാണണമെന്നും വിസ്ഡം യൂത്ത് ആവശ്യപ്പെട്ടു.
യുവാക്കളുടെ കര്‍മശേഷി നന്മയുടെ മാര്‍ഗത്തില്‍ തിരിച്ചുവിടുന്നതിനും അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ നിന്നും തടയുന്നതിനും യുവാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനുമായി വിസ്ഡം യൂത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ ‘യുവപഥം’ എന്ന പേരില്‍ മണ്ഡലം യുവജന സംഗമങ്ങള്‍ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി 26ന് കോഴിക്കോട്‌വച്ച് നടക്കുന്ന ജില്ലാ ‘തര്‍ബിയ’ സംഗമം വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്യും. ജില്ലാ നേതൃസംഗമം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി അഷ്‌റഫ് കല്ലായി ഉദ്ഘാടനം നിര്‍വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് അമീര്‍ അത്തോളി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.എം ജംഷീര്‍, ഭാരവാഹികളായ അസ്ഹര്‍ ഫറൂഖ്, റഷീദ് പാലത്ത്, ഹനാന്‍ ബാസിത് എന്നിവര്‍ സംസാരിച്ചു.