ന്യൂഡല്‍ഹി: സി. ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗത്തിനെതിരെ പ്രതിപക്ഷം സംയുക്ത ഹര്‍ജി നല്‍കും. കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഭാരത് രാഷ്ട്ര സമിതി എന്നീ പാര്‍ട്ടികളാണ് ഹര്‍ജിയുമായി കോടതിയെ സമീപിക്കുക. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കത്തെഴുതിയിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവര്‍ക്കാണ് കത്തെഴുതിയത്.മാര്‍ച്ച് 18 ന് ഇവരെ ഡല്‍ഹിയില്‍ ഒരു അത്താഴ വിരുന്നിന് ക്ഷണിക്കുകയും ചെയ്തിരുന്നു.
‘ഇന്ത്യയുടെ പുരോഗമന മുഖ്യമന്ത്രിമാരുടെ ഗ്രൂപ്പ്’ അല്ലെങ്കില്‍ ജി-8 എന്ന സംഘടന ആരംഭിക്കുന്നതിന് വേണ്ടിയായിരുന്നു യോഗം ചേര്‍ന്നത്. എന്നാല്‍ സംഘടനാ രൂപീകരണത്തിന് തീരുമാനമായില്ല. കൂടാതെ ത്രിപുരയിലും പശ്ചിമ ബംഗാളിലും കോണ്‍ഗ്രസ്, ഡി.എം.കെ, ജനതാദള്‍ (യുണൈറ്റഡ്) ജെ.ഡി.യു എന്നിവരുമായി സി.പി.ഐ.എം സഖ്യമായി പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ ഡല്‍ഹിയില്‍ വരണമെന്ന നിര്‍ദേശം എല്ലാ പാര്‍ട്ടികളും അംഗീകരിച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ എ.എ.പി, ടി.എം.സി, ബി.ആര്‍.എസ് എന്നീ പാര്‍ട്ടികള്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘സി.ബി.ഐ.യുടെയും ഇ.ഡി.യുടെയും ദുരുപയോഗത്തിനെതിരെ സുപ്രീം കോടതിയിലോ ഡല്‍ഹി ഹൈക്കോടതിയിലോ സംയുക്ത ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയാണ്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഞങ്ങള്‍ ഉടന്‍ കോടതിയെ സമീപിക്കും’, ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.