തലശ്ശേരി: കാടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പുന്നോല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കിഴിലുള്ള വഖഫ് സ്വത്തുക്കളെ സംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്താന്‍ എക്‌സിക്യൂട്ടിവ് ഓഫിസറെ നിയമിച്ചതായി അറിയിപ്പ്. പുന്നോല്‍ മഹല്ലില്‍ സമാന്തര കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ഓര്‍ഗനൈസേഷന്‍ ഭാരവാഹികളാണ് തലശ്ശേരി പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വഖഫ് ബോര്‍ഡിന്റെ നിയമനത്തെ പറ്റി അറിയിച്ചത്. കെ.പി.അബ്ദുള്‍ മജീദാണ് പുതിയ എക്‌സിക്യൂട്ടിവ് ഓഫിസര്‍. 2008 മുതല്‍ നിയമാനുസൃതം ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കാതെയും വരവ് ചിലവ് കണക്കുകകള്‍ അവതരിപ്പിക്കാതെയുമാണ് ഇപ്പോഴുള്ള കമ്മിറ്റി തുടരുന്നതെന്നാണ് ആരോപണം.
നിലവിലുള്ള കമ്മിറ്റിക്ക് കീഴിലെ ക്വാര്‍ട്ടേഴ്‌സുകള്‍ വാടകക്ക് നല്‍കിയതിന്റേയും പള്ളിയിലെ നിക്കാഹ് പണത്തിന്റേയും കമ്മിറ്റിക്ക് കീഴിലെ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുമ്പോള്‍ വാങ്ങിയ പണത്തിന്റേയും കണക്കുകള്‍ ഇല്ല. നേരത്തെ ഇവിടെയുണ്ടായ വാടക സാധനങ്ങള്‍ക്ക് ഈടാക്കിയ പണത്തിന്റേയും വിവരമില്ല. 2500 ഓളം അംഗങ്ങളുള്ള ജമാഅത്ത് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പില്‍ 150 ഓളം പേര്‍ മാത്രമാണ് പങ്കെടുത്ത് വോട്ടവകാശം വിനിയോഗിക്കാറുള്ളത്. ഇങ്ങനെ രൂപപ്പെടുന്ന കമ്മിറ്റി അധികാരം കൈയ്യാളുകയാണ്. പുന്നോല്‍ മഹല്ലും പള്ളിയും അഴിമതി രഹിതമായ നിലയില്‍ ശുദ്ധീകരിക്കലാണ് മഹല്ല് മുസ്ലിം ഓര്‍ഗനൈസേഷന്റെ ലക്ഷ്യമെന്ന് പ്രസിഡണ്ട് നാസര്‍ പുന്നോല്‍, ജനറല്‍ സെക്രട്ടറി സമീര്‍ മുരിക്കോളി വണ്ണാന്‍കണ്ടി, സെക്രട്ടറിമാരായ സിറാജുദ്ദീന്‍ മയിലക്കര, നസീര്‍ കേളോത്ത് എന്നിവര്‍ വിശദീകരിച്ചു.