ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില പ്രഖ്യാപിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ തകര്‍ന്നടിയുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഭാത് പട്‌നായിക്. താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നല്‍കല്‍ കര്‍ഷകരുടെ മാത്രമല്ല, രാജ്യത്തിന്റെകൂടി താല്‍പ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. താങ്ങുവില നല്‍കുന്നില്ലെങ്കില്‍ കര്‍ഷകര്‍ ഭക്ഷ്യവിളകളില്‍നിന്ന് പിന്മാറും. ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സംഭവിച്ചപോലെ ഇത് ഇന്ത്യയുടെയും ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ അഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന സംയുക്ത തൊഴിലാളി കര്‍ഷക മാര്‍ച്ചിനോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രഭാത് പട്‌നായിക്.
സിഐടിയു, അഖിലേന്ത്യ കിസാന്‍സഭ, അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. 400 ജില്ലയില്‍ സംയുക്ത കണ്‍വന്‍ഷന്‍ പൂര്‍ത്തിയാക്കിയെന്ന് കിസാന്‍സഭാ വൈസ് പ്രസിഡന്റ് ഹന്നന്‍മൊള്ള പറഞ്ഞു. സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ബി വെങ്കട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.