ന്യൂഡല്‍ഹി: എല്ലാ ബ്രാന്‍ഡുകളിലുമുള്ള മദ്യക്കുപ്പികള്‍ക്ക് മൂന്നു രൂപ സെസ് ചുമത്തി ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍. പശു സംരക്ഷണം, സ്ത്രീ ക്ഷേമം, കായികം എന്നിവക്ക് ഓരോ രൂപ വീതമാണ് സെസില്‍ നിന്ന് ഉപയോഗിക്കുകയെന്നും സര്‍ക്കാര്‍ അറിയിച്ചു. ഉത്തരാഖണ്ഡിലെ 32% പുരുഷന്മാരും മദ്യം ഉപയോഗിക്കുന്നതായാണ് കണക്ക്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും ഉയര്‍ന്ന മദ്യ ഉപഭോഗ നിരക്കാണിത്. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്തിന്റെ എക്‌സൈസ് നയം പുനഃപരിശോധിക്കാന്‍ തീരുമാനമായത്.
മൂന്ന് രൂപ സെസ് ഏര്‍പ്പെടുത്തിയതിന് പുറമെ, മദ്യവില കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുവഴി മദ്യത്തിന് ബ്രാന്‍ഡ് അനുസരിച്ച് കുപ്പി ഒന്നിന് 100 രൂപ മുതല്‍ 300 രൂപ വരെ വില കുറയും. വിദേശമദ്യം വില്‍ക്കുന്ന ലൈസന്‍സുള്ളവര്‍ക്ക് 10ശതമാനം ഫീസ് അടച്ച് വീണ്ടും പ്രവര്‍ത്തിപ്പിക്കാമെന്നും നാടന്‍ മദ്യവില്‍പ്പനശാലകളുള്ള ലൈസന്‍സുള്ളവര്‍ക്ക് 15% അധിക ഫീസ് അടച്ച് കച്ചവടം തുടരാമെന്നും സംസ്ഥാന എക്‌സൈസ് സെക്രട്ടറിയും കമ്മീഷണറുമായ ഹരിചന്ദ്ര സെംവാല്‍ പറഞ്ഞു. ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ ഈ വര്‍ഷം മദ്യശാലകളില്‍ നിന്നുള്ള വരുമാനം 4000 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 3600 കോടിയായിരുന്നു ലക്ഷ്യം.
നാടന്‍ മദ്യത്തില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ ഗ്ലാസ് ബോട്ടിലുകള്‍ക്ക് പകരം ടെട്രാ പായ്ക്കറ്റുകളിലാക്കി വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ വ്യവസ്ഥകള്‍ പ്രകാരം ഉത്തരാഖണ്ഡിലെ മദ്യവില ഇനി ഉത്തര്‍പ്രദേശിലേതിന് സമാനമായി തുടരും. ഉത്തര്‍പ്രദേശിനെ അപേക്ഷിച്ച് ബ്രാന്‍ഡിന്റെ മദ്യവിലയില്‍ 20 രൂപയില്‍ കൂടുതല്‍ വിലയില്‍ വ്യത്യാസമുണ്ടാകില്ലെന്നും മദ്യക്കടത്ത് തടയാനാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ കരണ്‍ മഹാര സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തു. തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും പുതിയ നടപടി മദ്യമാഫിയക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്നതാണെന്നും എല്ലാ വീടുകളിലും മദ്യം എത്തിക്കാനുള്ള നീക്കമാണെമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഹിമാചല്‍ പ്രദേശാണ് പശുസംരക്ഷണത്തിന് മദ്യസെസ് ഏര്‍പ്പെടുത്തുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം. ബോട്ടിലിന് പത്തുരൂപയാണ് ഹിമാചലില്‍ സെസ് ഏര്‍പ്പെടുത്തിയിട്ടുള്ളത.്