ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തില്‍ ഭയപ്പെട്ട് ജനങ്ങള്‍ വീടുകളില്‍ നിന്നും മറ്റും പുറത്തേക്ക് ഓടുന്നതിന്റെ നിരവധി ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അക്കൂട്ടത്തില്‍ പാകിസ്താനിലെ ഒരു പ്രാദേശിക ടി.വി ചാനലിന്റെ സ്റ്റുഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശ്രദ്ധേയമാകുകയാണ്.
ഭൂചലനത്തില്‍ സ്റ്റുഡിയോ ഒന്നാകെ കുലുങ്ങിയിട്ടും വാര്‍ത്ത വായന തുടരുന്ന അവതാരകന്റെ ദൃശ്യമാണ് പെഷവാറിലെ മഹ്ശ്രിക് ടി.വി ചാനലിന്റെ സ്റ്റുഡിയോയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. 31 സെക്കന്റുള്ള വീഡിയോയില്‍ ക്യാമറ ഉള്‍പ്പെടെ കുലുങ്ങുന്നത് വ്യക്തമാണ്. സ്റ്റുഡിയോയിലെ ജീവനക്കാരില്‍ ഒരാള്‍ പരിഭ്രാന്തനായി പുറത്തേക്കോടുന്നതും കാണാം. എന്നാല്‍ ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന പരിഭ്രാന്തിയില്ലാതെ അവതാരകന്‍ വാര്‍ത്താ വായന തുടരുകയായിരുന്നു.
റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി ഇതുവരെ 11 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.