ബില്‍ക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരേയുള്ള ഹര്‍ജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ബില്‍ക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരേയുള്ള ഹര്‍ജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: 2002 ല്‍ ഗുജറാത്തിലെ വര്‍ഗീയ ആക്രമണത്തിനിടെ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, പിഎസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് രൂപീകരിക്കുക. വിഷയം അടിയന്തരമായി കേള്‍ക്കണമെന്നും വിഷയം നാല് തവണ പരിഗണിച്ചതാണെന്നും ഇതുവരെ പ്രാഥമിക വാദം കേട്ടിട്ടില്ലെന്നും ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞു.

2022 ആഗസ്റ്റ് 16നാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് ബില്‍ക്കിസ് ബാനു നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ അജയ് രസ്തോഗി, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി തള്ളിയത്. 15 വര്‍ഷം ജയിലില്‍ കഴിഞ്ഞെന്നും നല്ലനടപ്പായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളുടെ മോചനം.

2002 മാര്‍ച്ച് മൂന്നിനാണ് ആറ് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ഗുജറാത്തിലെ ദഹോദ് ജില്ലയിലുണ്ടായ വര്‍ഗീയ ആക്രമണത്തിനിടെയായിരുന്നു അക്രമം. ഗര്‍ഭസ്ഥ ശിശുവും ബാനുവിന്റെ കുടുംബത്തിലെ മറ്റ് ആറുപേരും അക്രമികളാല്‍ കൊല്ലപ്പെട്ടു. 2008 ജനുവരി 21ന് മുംബൈ പ്രത്യേക കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പിന്നീട് സുപ്രീം കോടതി ശിക്ഷ ശരിവെക്കുകയായിരുന്നു.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *