നാദാപുരം: ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള 431 കുടുംബശ്രീ യൂണിറ്റുകളില്‍ നിലവില്‍ 360 എണ്ണം ബാങ്കുമായി ലിങ്ക് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 71 അയല്‍ക്കൂട്ടങ്ങളെ ബാങ്കുമായി ലിങ്ക് ചെയ്യുവാന്‍ കുടുംബശ്രീ വിലയിരുത്തല്‍ സമിതി യോഗം തീരുമാനിച്ചു. കുടുംബശ്രീ വനിതകള്‍ക്ക് വേണ്ടി 100 നാനോ ടൈലറിംഗ് യൂണിറ്റ് ആരംഭിക്കുവാനും പഞ്ചായത്തിലെ വിവിധ സംരംഭകര്‍ ഉല്‍പ്പാദിപ്പിക്കുന്നതും വിപണനം ലഭ്യമല്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റിംഗ് കണ്ടെത്തുന്നതിന് കമ്മ്യൂണിറ്റി സെല്ലര്‍ ഗ്രൂപ്പ് ഉണ്ടാക്കി ‘നാടന്‍ ‘എന്ന ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുവാനും ഇതിനായി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ സ്ത്രീകള്‍ക്ക്പരിശീലനം ലഭ്യമാക്കുവാനും തീരുമാനിച്ചു.
കൂടാതെ ഇളനീര്‍പ്പന്തല്‍ ആരംഭിക്കുന്നതിന് തെങ്ങുകള്‍ പാട്ടത്തിനെടുക്കുന്ന പദ്ധതി ആരംഭിക്കുവാനും വിലയിരുത്തല്‍ സമിതി യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.പി റീജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജനിത ഫിര്‍ദൗസ് , പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, മെമ്പര്‍മാരായ ടി.റീന, ആയിഷ ഗഫൂര്‍, സുമയ്യ പാട്ടത്തില്‍, അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍, അക്കൗണ്ടന്റ് കെ.സിനിഷ എന്നിവര്‍ സംസാരിച്ചു.