കോഴിക്കോട്: വിശുദ്ധ റമളാനെ വരവേറ്റ് മര്‍കസ് സംഘടിപ്പിക്കുന്ന ‘തസ്ഫിയ’ ക്യാംപയിന് തുടക്കമായി. വ്യത്യസ്തമായ ആത്മീയ, ജീവകാരുണ്യ, പഠന പദ്ധതികള്‍ ഉള്‍പ്പെടുത്തി വിപുലമായി നടത്തുന്ന ക്യാംപയിന്റെ ലോഗോ പ്രകാശനം ഇന്ത്യന്‍ ഗ്രാന്‍ഡ്മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി സന്നിഹിതനായിരുന്നു.
30 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാംപയിന്റെ ഭാഗമായി രാജ്യത്തുടനീളം അഞ്ചുകോടി ജനങ്ങള്‍ക്ക് മര്‍കസ് ഇഫ്താര്‍ ഒരുക്കും. വിവിധ സംസ്ഥാനങ്ങളിലെ മര്‍കസ് ക്യാംപസുകളിലും പ്രധാന നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഹോസ്റ്റലുകളിലും പൊതുഗതാഗത കേന്ദ്രങ്ങളിലുമാണ് ഇഫ്താര്‍ സജ്ജീകരിക്കുക. വിവിധ അഭയാര്‍ത്ഥി ക്യാംപുകളും അനാഥ അഗതി സ്ഥാപനങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും. കാരന്തൂരിലെ കേന്ദ്ര ക്യാംപസില്‍ യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വിപുലമായ നോമ്പുതുറ സൗകര്യമുണ്ടായിരിക്കും. പാവപ്പെട്ട ജനങ്ങള്‍ക്ക് ഭക്ഷ്യ വിഭവങ്ങള്‍ അടങ്ങിയ കിറ്റുകളും ഇക്കാലയളവില്‍ സമ്മാനിക്കും.
റമളാന്‍ 25ാം രാവില്‍ നടക്കുന്ന മര്‍കസ് ആത്മീയ സമ്മേളനത്തില്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരങ്ങള്‍ പങ്കെടുക്കും. ചടങ്ങില്‍ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് വാര്‍ഷിക റമളാന്‍ പ്രഭാഷണം നടത്തും. കോഴിക്കോട് നഗരത്തിലും കുന്ദമംഗലം പരിസര പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക നോമ്പുതുറയും ബോധവത്കരണ വേദിയും സംഘടിപ്പിക്കും.
ഖുര്‍ആന്‍-ഹദീസ് പഠന ശിബിരം, വിശേഷ രാവുകളില്‍ ആത്മീയ സംഗമങ്ങള്‍, വനിതാ ക്ലാസ്, പ്രകീര്‍ത്തന സദസ്സുകള്‍, പ്രഭാഷണങ്ങള്‍, ഇഅ്തികാഫ് ജല്‍സ എന്നിവയും ക്യാംപയിനിന്റെ ഭാഗമാണ്. റമളാന്‍ അവസാന ദിവസങ്ങളിലെ രാത്രികളില്‍ ഖുത്ബിയ്യത്, ശാദുലി ഹള്‌റ, ഖാദിരിയ്യ ഹല്‍ഖ, ഖത്മുല്‍ ബുര്‍ദ സംഗമങ്ങളും 16 ന് ബദര്‍ അനുസ്മരണ സമ്മേളനവും ഒരുക്കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ മര്‍കസ് സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളിലെ അലുംനി കൂട്ടായ്മകളും ക്യാംപയിന്‍ കാലയളവില്‍ വിപുലമായ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ക്യാംപയിന്‍ കമ്മിറ്റി: സി മുഹമ്മദ് ഫൈസി, കെ.കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ (ഉപദേശക സമിതി), പി യൂസുഫ് ഹൈദര്‍ (ചെയര്‍മാന്‍), മുഹമ്മദലി സഖാഫി വള്ളിയാട് (ജനറല്‍ കണ്‍വീനര്‍), അഡ്വ. മുഹമ്മദ് ശരീഫ് (ഫിനാന്‍സ്) സിപി ഉബൈദുല്ല സഖാഫി, അബ്ദുറശീദ് സഖാഫി മങ്ങാട്, അബൂബക്കര്‍ ഹാജി കിഴക്കോത്ത്, അബ്ദുലത്തീഫ് സഖാഫി പെരുമുഖം( വൈസ് ചെയര്‍), ഹനീഫ് അസ്ഹരി കാരന്തൂര്‍, അക്ബര്‍ ബാദുശ സഖാഫി, സിദ്ദീഖ് ഹാജി കെ, ഉനൈസ് മുഹമ്മദ് കല്‍പകഞ്ചേരി (ജോയിന്റ് കണ്‍വീനര്‍), കെ.കെ ശമീം (ചീഫ് കോര്‍ഡിനേറ്റര്‍), ഉസ്മാന്‍ സഖാഫി വേങ്ങര (കോര്‍ഡിനേറ്റര്‍).