ന്യൂഡല്‍ഹി: ദീര്‍ഘ നാളായി അസുഖബാധിതനായ യുവാവ് ചികിത്സാ ചെലവ് താങ്ങാനാകാത്തതിനാല്‍ ഹോട്ടലില്‍ മുറിയെടുത്ത് ഓക്‌സിജന്‍ സിലിണ്ടറില്‍ നിന്ന് അമിതമായി ഓക്‌സിജന്‍ ശ്വസിച്ച് ആത്മഹത്യ ചെയ്തായി പൊലീസ്. 24 കാരനായ നിതേഷ് എന്ന യുവാവിന്റെ മൃതദേഹമാണ് ഹോട്ടലില്‍ നിന്ന് കണ്ടെത്തിയത്. പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ഇയാള്‍ ദീര്‍ഘനാളായി അസുഖബാധിതനാണെന്നും ചികിത്സാ ചെലവിലുള്ള ആശങ്കയാണ് ആത്മഹത്യയ്ക്ക് കാരണമെന്നും എഴുതിവെച്ചതായി സൂചിപ്പിക്കുന്നു.
ചൊവ്വാഴ്ച നോര്‍ത്ത് ദില്ലയിലെ ആദര്‍ശ് നഗറില്‍ ഹോട്ടല്‍ മുറിയെടുത്ത നിതേഷ് ബാഗുമായാണ് മുറിയിലേക്ക് പോയത്. ഓക്‌സിജന്‍ സിലിണ്ടറും ട്യൂബുമായിരുന്നു ബാഗില്‍. പ്ലാസ്റ്റിക് കവറുകൊണ്ട് മുഖം മറച്ച നിലയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗില്‍ നിന്ന് ഒരു ചെറിയ ഓക്‌സിജന്‍ സിലിണ്ടറുമായി ബന്ധിപ്പിച്ച ട്യൂബ് കണ്ടെടുത്തു. അമിതമായി ഓക്‌സിജന്‍ എടുക്കുമ്പോള്‍ ഹൃദയമിടിപ്പ് മന്ദഗതിയിലാക്കി അപകടകരമാംവിധം താഴ്ന്ന നിലയിലായി മരണ കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
തന്റെ ചികിത്സക്കായി മാതാപിതാക്കള്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ വേദനയില്ലാത്ത മാര്‍ഗത്തിനായി ഓണ്‍ലൈനില്‍ തിരഞ്ഞു. അങ്ങനെയാണ് ഓക്‌സിജന്‍ സിലിണ്ടര്‍ രീതി ഇയാള്‍ കണ്ടെത്തിയതെന്നും ആത്മഹത്യാക്കുറിപ്പിനെ ഉദ്ധറിച്ച് പൊലീസ് പറഞ്ഞു. ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ യുവാവ് കണ്ടതായി പൊലീസ് അറിയിച്ചു.