തലശ്ശേരി: കോടിയേരി സര്‍വീസ് സഹകരണ ബാങ്കില്‍ ഇടപാടുകാര്‍ക്കായി ഏര്‍പ്പെടുത്തിയ എ.ടി.എം റുപേ- സ്മാര്‍ട്ട് പ്രിപെയ്ഡ് വൈഫൈ, യു.പി.ഐ അടിസ്ഥാനമാക്കിയുള്ള സി.പേ പേയ്മന്റ് സിസ്റ്റം എന്നീ സംവിധാനങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ബാങ്കിന്റെ മുളിയില്‍നട ബ്രാഞ്ചിനോടനുബന്ധിച്ചുള്ള സ്ഥലത്ത് വച്ച് എ.ടി.എം കാര്‍ഡ് വിതരണ ഉദ്ഘാടനം മുന്‍ എം.എല്‍.എ എം.വി ജയരാജന്‍ നിര്‍വഹിക്കും സി.പേ- മൊബൈല്‍ ആപ്ലിക്കേഷന്‍ സര്‍വിസ് ഉദ്ഘാടനം കണ്ണൂര്‍ ഓഡിറ്റ് വിഭാഗം ജോയിന്റ് ഡയരക്ടര്‍ ഇ.രാജേന്ദ്രന്‍ നിര്‍വ്വഹിക്കും.
പരിപാടിയില്‍ തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എം.ജമുനാ റാണി അധ്യക്ഷത നിര്‍വഹിക്കും. ബാങ്കിലെ ഇടപാടുകാര്‍ക്ക് ഇന്ത്യയില്‍ എവിടെ നിന്നും ഇടപാടുകള്‍ നടത്താന്‍ സൗകര്യപ്പെടുത്തുന്ന സംവിധാനമാണ് എ.ടി.എം റുപേ. എല്ലാ ആധുനിക സൗകര്യവും പ്രയോജനപ്പെടുത്തി മറ്റു വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങള്‍ കോടിയേരി ബാങ്കിലെ ഇടപാടുകാര്‍ക്ക് ലഭ്യമാക്കുന്നതാണ് സ്മാര്‍ട്ട് പ്രീപെയ്ഡ് വൈഫൈ. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ ഏറെ പ്രയാസപ്പെടുത്തുന്നതായി ബാങ്ക് പ്രസിഡന്റ് എം.വി ജയരാജന്‍, ഡയരക്ടര്‍ യു.ബ്രിജേഷ്, സെക്രട്ടറി കെ.പി അരുണ്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.