ചെന്നൈ: തമിഴ്‌നാട് കാഞ്ചീപുരം കുരുവിമലയ്ക്ക് സമീപം പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. പതിനഞ്ചിലേറെ പേര്‍ക്ക് പൊള്ളലേറ്റു. അഞ്ചു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് വിവരം. മൂന്നു പേര്‍ ചെങ്കല്‍പ്പെട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. നിലവില്‍ 24 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ പത്തു പേരുടെ നില അതീവ ഗുരുതരമാണ്.
പടക്ക നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി സാമഗ്രികള്‍ ഗോഡൗണിലുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല. അഞ്ച് ഗോഡൗണുകളാണ് സ്ഥലത്തുണ്ടായിരുന്നത്. നാല് ഗോഡൗണുകള്‍ക്ക് തീപിടിച്ചു. ചൂട് കനത്തതോടെ തമിഴ്‌നാട്ടിലെ പടക്കശാലകളില്‍ അപകടങ്ങള്‍ പതിവാകുകയാണ്.
നരേന്ദ്രകുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള നാല്‍പ്പതിലേറെപ്പേര്‍ ജോലി ചെയ്യുന്ന പടക്കശാലയിലാണ് സ്‌ഫോടനമുണ്ടായത്. തൊട്ടടുത്ത പടക്കശാലയിലേക്കും തീ പടര്‍ന്നു. സ്ഫോടനത്തില്‍ നാല് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. പരിക്കേറ്റ പത്തോളം പേരുടെ നില ഗുരുതരമാണ്. കുടുങ്ങിക്കിടന്ന ഇരുപത് പേരെ അഗ്‌നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
പടക്കശാലയുമായി ബന്ധപ്പെട്ട ലൈസന്‍സ് കാലാവധി 2024 വരെയുണ്ടെന്നാണ് സൂചന. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചാണോ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസും അഗ്നിരക്ഷാസേനയും പരിശോധിക്കുന്നുണ്ട്. ജില്ലാ കളക്ടര്‍ ആരതി, ഡിഐജി പകലവന്‍, ജില്ലാ പോലീസ് സൂപ്രണ്ട് സുധാകര്‍ എന്നിവര്‍ അപകടസ്ഥലത്തും ആശുപത്രികളിലുമെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.