വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് പിന്‍വലിച്ച് ഇന്റര്‍പോള്‍

വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് പിന്‍വലിച്ച് ഇന്റര്‍പോള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് ഭീമന്‍ തുക വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്കെതിരായ നടപടി പിന്‍വലിച്ച് ഇന്റര്‍പോള്‍. നിലവില്‍ വെബ്‌സൈറ്റില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് കാണാനില്ല. മെഹുല്‍ ചോക്‌സിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് നാഷണല്‍ ബാങ്കുള്‍പ്പെടെ വിവിധ ബാങ്കുകളില്‍ നിന്നായി 13,500 കോടി രൂപയാണ് മെഹുല്‍ ചോക്‌സി ലോണെടുത്തിരുന്നത്. അതിനു ശേഷം മെഹുല്‍ ചോക്‌സി രാജ്യം വിടുകയായിരുന്നു.

ചോക്‌സിയുടെ അപേക്ഷ പ്രകാരം വെബ്‌സൈറ്റില്‍ നിന്ന് റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ നീക്കം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് ചോക്‌സിയുടെ അഭിഭാഷകന്റെ വാക്കുകളും. നിയമപരമായി നീങ്ങിയത് കൊണ്ടും കേസിലെ നിരപരാധിത്വവും കൊണ്ടും റെഡ് കോര്‍ണര്‍ നോട്ടീസ് റദ്ദാക്കിയെന്നാണ് അഭിഭാഷകനായ വിജയ് അഗര്‍വാള്‍ പറഞ്ഞത്. അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ സിബിഐ തയ്യാറായില്ല.

നിലവില്‍ മെഹുല്‍ ചോക്‌സി കരീബിയന്‍ ദ്വീപുരാജ്യമായ ആന്റിഗ്വയിലാണ് കഴിയുന്നത്. അവിടെ നിന്ന് തിരിച്ചെത്തിക്കാനുള്ള പല നീക്കങ്ങളും സിബിഐ നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. റെഡ് കോര്‍ണര്‍ നോട്ടീസ് പിന്‍വലിച്ചതോടെ ചോക്‌സിക്ക് ഇനി ഏതു രാജ്യത്തേക്കും പോകാന്‍ കഴിയും. 2018 ഡിസംബറിലാണ് സിബിഐ ആവശ്യപ്രകാരം ചോക്‌സിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചത്.അതേസമയം, റെഡ് കോര്‍ണര്‍ നോട്ടിസ് പിന്‍വലിച്ചത് ചോക്‌സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ തടസ്സമാവില്ലെന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷം മെഹുല്‍ ചോക്‌സിക്കെതിരായ കേസ് ഡൊമിനിക്ക പിന്‍വലിച്ചിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനെതിരായി രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്‍വലിച്ചത്. ചോക്‌സിയെ വിട്ടുകിട്ടാന്‍ ശ്രമം നടത്തുന്ന സിബിഐക്ക് തിരിച്ചടിയായിരുന്നു ഡൊമിനിക്കന്‍ സര്‍ക്കാരിന്റെ അന്നത്തെ നടപടി.

 

Share

Leave a Reply

Your email address will not be published. Required fields are marked *