ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. പകരം,കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ നിന്ന് മത്സരിച്ചേക്കും. നിലവില്‍ കോണ്‍ഗ്രസിന്റെ വിജയ് വസന്ത് ആണ് കന്യാകുമാരിയുടെ എംപി. 2019 ല്‍ തമിഴ്‌നാട്ടില്‍ നിന്നുമുളള ചില എംപിമാര്‍ കന്യാകുമാരിയില്‍ നിന്ന് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡിന് നിര്‍ദേശം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സരിക്കുന്നില്ലെന്ന് പ്രിയങ്ക തീരുമാനിക്കുകയായിരുന്നു.
നിലവില്‍ കേരളത്തില്‍ വയനാടിന്റെ എം. പിയായ രാഹുല്‍ ഗാന്ധിയെ കന്യാകുമാരിയിലേയ്ക്ക് കൊണ്ടുവരുന്നതിന് രണ്ട് കാരണങ്ങളാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സുരക്ഷിതമായ ഒരു സീറ്റില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കുകയെന്ന കോണ്‍ഗ്രസിന്റെ തീരുമാനമാണ് ഒന്നാമത്തെ കാരണം. ഇടതു പക്ഷത്തിന്റെ കോട്ടയായ കേരളത്തില്‍ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിച്ചത് മോശം സാഹചര്യം സൃഷ്ടിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കാക്കുന്നത്. ഡി.എം.കെ- ഇടതുപക്ഷ സഖ്യത്തിനോടൊപ്പം നിന്ന് ബി.ജെ.പിക്ക് എതിരെ മത്സരിക്കുകയാണ് ലക്ഷ്യം. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെപ്പോലുള്ള മുതിര്‍ന്ന ഇടതുപക്ഷ നേതാക്കളുമായുള്ള അടുപ്പം കണക്കിലെടുത്ത് കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ രാഹുല്‍ ഗാന്ധി മത്സരിച്ചത് മോശം സാഹചര്യം സൃഷ്ടിച്ചുവെന്നാണ് ചില നേതാക്കളുടെ വിലയിരുത്തല്‍. മത്സരം ബി.ജെ.പി ക്കെതിരെയാണെന്ന് വരുത്താനാണ് കന്യകുമാരിയിലേക്കുളള മാറ്റമെന്നും രണ്ടാമത്തെ കാരണമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
രാഹുല്‍ കന്യാകുമാരിയില്‍ മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റേയും ഇടത്പക്ഷത്തിന്റേയും സംയുക്ത സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും മത്സരിക്കുക. 2019ല്‍ വയനാട് തെരഞ്ഞെടുക്കുന്നതിന് മുമ്പ് രാഹുലിനായി കന്യാകുമാരിക്കൊപ്പം ബെംഗളൂരു റൂറലും ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ഒരു നേതാവ് പറഞ്ഞു. രാഹുല്‍ കന്യാകുമാരിയിലേക്ക് നീങ്ങുകയാണെങ്കില്‍ ബെംഗളൂരു റൂറലില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മത്സരിക്കാനും സാധ്യതയുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആരംഭിച്ചത് കന്യാകുമാരിയില്‍ നിന്നായിരുന്നു. മാര്‍ച്ച് 19 ന് കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ കൊച്ചിയിലെത്തിയ കെ സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ മത്സരിക്കുമെന്ന കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.