ഷാര്‍ജ: വേള്‍ഡ് റീസൈക്ലിങ് ഡേ (മാര്‍ച്ച് 18)യില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി കമ്മിറ്റിയും ഗ്രീന്‍ നെസ്റ്റ് വളണ്ടിയേഴ്‌സും ചേര്‍ന്ന് റീസൈക്ലത്തോണ്‍ റണ്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ജോയിന്റ് ജനറല്‍ സെക്രട്ടറി മനോജ് വര്‍ഗീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ഹെഡ് ഗേള്‍ ആയ ഋദ്ധി കിസിങ്ങറും ഹോപ്പ് ക്ലബ് ലീഡറായ റാണയും റീ സൈക്ലിങിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ഇന്ത്യന്‍ അസ്സോസിയേഷന്‍ മാനേജിങ് കമ്മിറ്റി അംഗമായ സുനില്‍ രാജും ലൈബ്രറി കമ്മിറ്റി ആക്ടിങ് കണ്‍വീനര്‍ പുന്നക്കന്‍ മുഹമ്മദാലിയും പരിപാടിക്ക് നേതൃത്വം നല്‍കി.
ഷാര്‍ജയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും ചേര്‍ന്ന് 300 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പ്ലാസ്റ്റിക്, പേപ്പര്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി റീസൈക്ലിങ് കളക്ഷന്‍ മത്സരവും സംഘടിപ്പിച്ചിരുന്നു. പ്ലാസ്റ്റിക് വിഭാഗത്തില്‍ അഭിനവ് ഭാനുപ്രതാപ് സിങ് ഒന്നാം സ്ഥാനവും അബ്ദുള്‍ അലീം ജസീര്‍ രണ്ടാം സ്ഥാനവും അമര്‍നാഥ് ശ്രീവത്സനും അനന്യ മണികണ്ഠനും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പേപ്പര്‍ വിഭാഗത്തില്‍ ഗോവര്‍ധന വിമല്‍ കുമാര്‍ ഒന്നാം സ്ഥാനവും ഇവാന എലിസ വിനോജ് രണ്ടാം സ്ഥാനവും അഭിനവ് ഭാനുപ്രതാപ് സിങ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആകെ രണ്ടായിരം കിലോ റീസൈക്ലിങ് ചെയ്യാന്‍ കഴിയുന്ന പ്ലാസ്റ്റിക്കും പേപ്പറും ബീഹാ റീസൈക്ലിങ്ങിലേക്കു നല്‍കി. റീസൈക്ലത്തോണിന്റെ പ്രധാന പ്രായോജകര്‍ ഗള്‍ഫ് മേഖലയിലെ ആദ്യത്തെ എമിറേറ്റ്‌സ് വേസ്റ്റ് ടൂ എനര്‍ജി പ്ലാന്റ് ആയിരുന്നു.