അമൃത്സര്‍: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. മുന്‍ പഞ്ചാബ് ഡിജിപി, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഡിഐജി, എസ്പി എന്നിവര്‍ക്കെതിരെയാണ് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഭഗവന്ത് മന് നിര്‍ദേശിച്ചത്. ഇവരെ പിരിച്ചു വിടുന്നതും, പെന്ഷന് തുക വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികളുണ്ടായേക്കുമെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നടുറോഡില്‍ ഫ്ലൈ ഓവറിന് മുകളില്‍ ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നത്.സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടും എന്തുകൊണ്ട് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ല എന്നതില്‍ വിശദീകരണം നല്കാന് നിലവില്‍ ചുമതലയിലുള്ള ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു.